സ്വര്‍ണ്ണത്തിളക്കത്തോടെ കൈറ്റ് വിക്ടേഴ്‌സ്; യുട്യൂബ് ചാനലിന് ‘ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍’ അംഗീകാരം ലഭിച്ചു


തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ യൂട്യൂബ് ചാനലായ കൈറ്റ് വിക്ടേഴ്‌സിന് ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള ചാനലാണ് കൈറ്റ് വിക്ടേഴ്‌സ്.

പത്തു ലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള ചാനലുകള്‍ക്കാണ് യൂട്യൂബ് ഈ അംഗീകാരം നല്‍കുക. ഉള്ളടക്കത്തിന്റെ മൗലികതയും ഇതിന് മാനദണ്ഡമാണ്.

നിലവില്‍ ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പ്രധാനമായും സംപ്രേഷണം ചെയ്ത് വരുന്ന കൈറ്റ് വിക്ടേഴ്‌സിന്റെ itsvictser എന്ന യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരാണ് ഉള്ളത്. നേരത്തെ സില്‍വര്‍ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്‌സിന് ലഭിച്ച ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ. കെ. മനോജ് കുമാര്‍, മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.