സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം കണ്ണൂരിലേക്ക്. പ്രതി അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. പുലര്‍ച്ചെ 3.30നാണ് കസ്റ്റംസ് സംഘം പുറപ്പെട്ടത്.
കസ്റ്റംസ് സംശയിക്കുന്ന ചിലയിടങ്ങളിലും പരിശോധന നടത്തും. ഇന്നലെയാണ് അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി ഇന്നും നാളെയും തെളിവെടുപ്പ് നടത്താനായിരുന്നു പുനര്‍തീരുമാനം.
കഴിഞ്ഞ ദിവസം സ്വര്‍ണക്കവര്‍ച്ച കേസില്‍ അഞ്ചു കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റിലായിരുന്നു. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരില്‍ എത്തിയ സംഘമാണ് അറസ്റ്റിലായത്. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.
കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീര്‍ , മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍, മുഹമ്മദ് ഫയാസ് എന്നിവര്‍ ആണ് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.