സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് ഒരുകിലോയിലേറെ സ്വര്‍ണം കവര്‍ന്ന സംഭവം: കക്കോടി സ്വദേശി അറസ്റ്റില്‍; തുണയായത് സി.സി.ടി.വി ദൃശ്യങ്ങളില്‍ ബൈക്കിന്റെ നമ്പര്‍ ഭാഗികമായി കണ്ടത്


കോഴിക്കോട്: ബൈക്കുകളിലെത്തി ഒരു കിലോയിലേറെ വരുന്ന സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. കക്കോടി മൂട്ടോളിയിലെ കെ.കെ ലതീഷിനെയാണ് കസബ പൊലീസ് അറസ്റ്റു ചെയ്തത്.

സെപ്റ്റംബര്‍ 20നായിരുന്നു സംഭവം. കണ്ടംകുളം ജൂബിലി ഹാളിന് മുന്നില്‍ ബംഗാള്‍ സ്വദേശിയായ റംസാന്‍ അലിയെ ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

നാലു ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതികളുടെ മുഖമോ ബൈക്കുകളുടെ നമ്പറോ വ്യക്തമല്ലായിരുന്നു. എന്നാല്‍ പ്രതികളിലൊരാളുടെ ബൈക്കിന്റെ നമ്പര്‍ ഭാഗികമായി ലഭിച്ചത് അന്വേഷണത്തിന് തുണയായി.

ടൗണ്‍ അസി. കമ്മീഷണര്‍ പി. ബിജുരാജിന്റെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷാണ് കേസന്വേഷിക്കുന്നത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് റംസാന്‍ അലിയില്‍ നിന്നും സംഘം കവര്‍ന്നത്.