സ്വപ്‌നയുടെ മൊഴി; കയ്യില്‍ ഒരു തെളിവുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്
കൊച്ചി: ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയിന്മേല്‍ തങ്ങളുടെ കൈവശം തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്. തെളിവ് ആവശ്യമുണ്ടെങ്കില്‍ അതിന് തങ്ങളെക്കൊണ്ട് സാധിക്കില്ലെന്നും സ്വപ്‌നയ്‌ക്ക് മാത്രമേ അതേക്കുറിച്ച് പറയാനാകൂ എന്നുമാണ് കസ്റ്റംസ് വാദിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെയാണ് കസ്റ്റംസിന്റെ ഈ വിചിത്രവാദം.
സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജില്‍ പത്താമത്തെ പോയിന്റായി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘164 സ്റ്റേറ്റ്മെന്റില്‍ അവര്‍ (സ്വപ്ന സുരേഷ്) വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ആ സ്ത്രീയുടെ മാത്രം അറിവിലുള്ള കാര്യങ്ങളാണ്. അതേക്കുറിച്ചുള്ള തെളിവുകള്‍ വല്ലതും ഹാജരാക്കേണ്ടി വന്നാല്‍ അതിന് അവര്‍ക്ക് മാത്രമേ സാധിക്കൂ’-അഫിഡവിറ്റില്‍ കമ്മീഷണര്‍ വളരെ കൃത്യമായി പറയുന്നു.
നവംബര്‍ 25നാണ് സ്വപ്‌ന 108 പ്രകാരമുള്ള മൊഴി കസ്റ്റംസിന് നല്‍കിയത്. പിന്നീട് രണ്ടാഴ്ച്ച കഴിഞ്ഞ് 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. പിന്നീടിങ്ങോട്ട് മൂന്നുമാസത്തോളം ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമൊന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് കസ്റ്റംസ് വീണ്ടും മൊഴിയുമായി രംഗത്തെത്തിയതും.
കോടതി കസ്റ്റംസിനോട് സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടാത്ത കേസിലാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ നീക്കം. കസ്റ്റംസിനെതിരെ ഈ കേസില്‍ ആരോപണങ്ങള്‍ ഉന്നയിക്കപെട്ടിട്ടില്ല. അത്തരമൊരു കേസിലാണ് ഒരു ബന്ധവുമില്ലാത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.
28 /07/2020 മുതല്‍ 01/08/2020 വരെ സ്വപ്ന കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. 5/08/2020 മുതല്‍ 17/08/2020 വരെ സ്വപ്നയെ ചോദ്യം ചെയ്തത് ഇഡി ആയിരുന്നു. 22/09/2020 മുതല്‍ 25/09/2020 വരെ സ്വപ്‌ന എന്‍ഐഎ കസ്റ്റഡിയിലായിരുന്നു. 25/11/2020 മുതല്‍ 8/12/2020 വരെ വീണ്ടും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. അതായത് 32 ദിവസം പൂര്‍ണമായും അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന.
കസ്റ്റംസും ഇഡിയും ജയിലില്‍ എത്തിയും സ്വപ്നയെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ നിന്നും കിട്ടാത്ത മൊഴി രഹസ്യ മൊഴിയായി വന്നത് എങ്ങനെ എന്ന ചോദ്യം ഇതിനോടൊകം ഉയര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബ്ബന്ധിക്കുന്നതായും അങ്ങനെ ചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തുന്ന സ്വപനയുടെ ശബ്ദരേഖ മുമ്പ് പുറത്തുവന്നിരുന്നു.