സ്വപ്ന സാക്ഷാത്കാരത്തിലേക്ക്: എയിംസ് കിനാലൂരില്‍ സര്‍വേ നടപടി പൂര്‍ത്തിയായി, റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും


ബാലുശേരി: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ എയിംസ് കേരളത്തിന്‌ അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്കെച്ച്‌ ഉൾപ്പെടെയുള്ള റിപ്പോർട്ട് തിങ്കളാഴ്ച തഹസിൽദാർ സി.സുബൈർ കലക്ടർക്ക് സമർപ്പിക്കും.

പത്ത് ദിവസത്തോളമെടുത്താണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടി പൂർത്തിയാക്കിയത്. കാടുമൂടിക്കിടന്ന കെഎസ്ഐഡിസിയുടെ അധീനതയിലുള്ള സ്ഥലം അളക്കുന്നത്‌ ഏറെ ദുഷ്കരമായിരുന്നു. അതുകൊണ്ടുതന്നെ സമയമെടുത്താണ് സർവേ നടത്തിയത്. കെഎസ്ഐഡിസിയുടെ 150 ഏക്കറാണ് അളന്ന് സ്കെച്ചാക്കിയത്. അധികഭൂമി ആവശ്യമാണെങ്കിൽ 80 ഏക്കർ ഭൂമികൂടി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രം മുന്നോട്ടുവച്ച മാനദണ്ഡങ്ങളെല്ലാം കിനാലൂരിലെ കെഎസ്ഐഡിസി ഭൂമിയിൽ സാധ്യമാകുമെന്ന് വിവിധ ഘട്ടങ്ങളിലായി ഇവിടം സന്ദർശിച്ച ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം കണ്ടെത്തിയിരുന്നു. സ്കെച്ചും റിപ്പോർട്ടും കിട്ടിയാലുടൻതന്നെ കലക്ടർ സർക്കാരിലേക്ക് സമർപ്പിക്കും. ഇതിനുശേഷമാവും കേന്ദ്രസംഘം കിനാലൂർ സന്ദർശിക്കുക.