സ്വന്തമായൊരു വീട് രാജേശ്വരിയുടെ സ്വപ്നമായിരുന്നു; പക്ഷേ പാലുകാച്ചിന് മുമ്പ് കോവിഡ് ആ ജീവിതം തന്നെ തട്ടിയെടുത്തു


കൊയിലാണ്ടി: സ്വന്തമായി സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് അതില്‍ താമസിക്കും മുമ്പെ രാജേശ്വരിയെ കോവിഡ് തട്ടിയെടുത്തു. അരിക്കുളം മാവട്ട് കോയിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ രാജേശ്വരിയാണ് (39) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ചെന്നെയില്‍ മരിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി ബാലകൃഷ്ണനും കുടുംബവും ചെന്നെയിലാണ് താമസം. ചെന്നെയില്‍ കട നടത്തുകയാണ് ബാലകൃഷ്ണന്‍.

നാട്ടില്‍ വീട് വെച്ച് മാറണമെന്ന് ആഗ്രഹിച്ചാണ് കീഴരിയൂര്‍ ചെമ്പോളി താഴ വീടുവെച്ചത്. ജൂണ്‍ ആദ്യ ആഴ്ച ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയ വീട്ടില്‍ പാലുകാച്ചി താമസം തുടങ്ങാനായിരുന്നു ആഗ്രഹിച്ചിരുന്നത്. വീടിന്റെ പെയിന്റിംങ്ങ് പണി മാത്രമാണ് പൂര്‍ത്തിയാകാനുളളത്. അതിനിടയിലാണ് രാജേശ്വരിയെ കോവിഡ് തട്ടിയെടുത്തത്.

ഇതോടെ തകര്‍ന്നത് ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങള്‍. പുറമേരി വണ്ണാറത്ത് പരേതനായ നാരായണന്‍ കുട്ടി നായരുടെയും ഉഷയുടെ മകളാണ് രാജേശ്വരി. വിവാഹ ശേഷം ഭര്‍ത്താവിനോടൊപ്പം ചെന്നെയിലാണ് താമസം. ചെന്നെയില്‍ സ്വകാര്യ ആസ്പത്രിയലായിരുന്നു രാജേശ്വരിയുടെ മരണം. കൃഷ്ണാഞ്ജലിയും ശബരിനാഥും മക്കളാണ്.