സ്വകാര്യ ബസ് ഡ്രൈവര്‍ ചുംബിച്ചെന്ന് യുവതിയുടെ പരാതി; കണ്ണൂരില്‍ പൊലീസ് കേസെടുത്തു


അഴീക്കോട്: കണ്ണൂരില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ യുവതിയെ ചുംബിച്ചതായി പരാതി. അഴീക്കോട് സ്വദേശിയായ 30 കാരന് എതിരെയാണ് യുവതി പരാതി നല്‍കിയത്. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സെപ്റ്റംബര്‍ 22ന് കണ്ണൂരില്‍ നടന്ന ഡി.ജി.പിയുടെ അദാലത്തില്‍ ആണ് യുവതി പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്പ് താഴെ ചൊവ്വയില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ച് ഡ്രൈവര്‍ ചുംബിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സ്വകാര്യ ബസില്‍ യാത്ര ചെയ്യാനായി കയറിയതായിരുന്നു യുവതി.

യുവതിയും ഡ്രൈവറും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവതിയെ വിവാഹം കഴിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഡി.ജി.പിയുടെ അദാലത്തിലേക്ക് പരാതി നല്‍കിയത്.