സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ രേഖാ പരിശോധന നടത്തി


പെരുവണ്ണാമൂഴി: പൂഴിത്തോട് ഭാഗത്തെ വനമേഖലയോടുചേർന്നുള്ള കൃഷിഭൂമി കർഷകരുടെ അപേക്ഷപ്രകാരം വനംവകുപ്പ് ഏറ്റെടുക്കുന്നതിനായി രേഖാപരിശോധന നടത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാംവാർഡിൽപ്പെട്ട കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി, മാവട്ടം, അണുങ്ങൻപാറ എന്നി പ്രദേശങ്ങളിലെ സ്വകാര്യവ്യക്തികളുടെ ഭൂമിയാണ് വനംവകുപ്പ് സർക്കാരിന്റെ പ്രത്യേകപദ്ധതിയിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നത്.

വന്യമൃഗശല്യവും കാർഷികവിളകളുടെ നാശവും കാരണം പ്രദേശത്ത് കൃഷിചെയ്യാൻ ആവാത്ത സ്ഥിതിയാലാണ് കൃഷിഭൂമി വനംവകുപ്പിന് കൈമാറാൻ കർഷകർ തയ്യാറാകുന്നത്. 173 പേരാണ് ഭൂമി കൈമാറാൻ അപേക്ഷനൽകിയത്. ഇതിൽ താളിപാറ, കരിങ്കണ്ണി എന്നീ മേഖലയിലെ 80-ഓളം പേരുടെ രേഖാ പരിശോധനയാണ് നടന്നത്. മാവട്ടം മേഖലയിലെയും നേരത്തെ പങ്കെടുക്കാൻ കഴിയാത്തവരുടെയും രേഖകൾ രണ്ടാംഘട്ടത്തിൽ പരിശോധിക്കും.

സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ അപേക്ഷനൽകാൻ കഴിയാതെപോയ സ്ഥലത്തില്ലാത്തവരെയെല്ലാം ബന്ധപ്പെടും. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.വി. ബിജു, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഇ. ബൈജുനാഥ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, സ്ഥിരംസമിതി ചെയർമാൻ സി.കെ. ശശി തുടങ്ങിയവർ നടപടികൾക്ക് നേതൃത്വംനൽകി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.