സ്റ്റിക്കര്‍ മേക്കര്‍ ടൂള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ തന്നെ സ്റ്റിക്കറുകള്‍ ഉണ്ടാക്കാം; വിശദാംശങ്ങള്‍ ഇങ്ങനെ
വാട്ട്‌സ്ആപ്പില്‍ വാക്കുകള്‍ കൊണ്ടുള്ള മറുപടികള്‍ക്ക് പകരം നമ്മള്‍ സ്റ്റിക്കറുകള്‍ അയക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. വാട്ട്‌സ്ആപ്പ് നല്‍കുന്ന സ്റ്റിക്കറുകള്‍ക്ക് പുറമെ നമ്മുടെ കൈവശമുള്ള ചിത്രങ്ങള്‍ തന്നെ സ്റ്റിക്കറുകളാക്കി മാറ്റാനും കഴിയുമായിരുന്നു. എന്നാല്‍ ഇതിന് മറ്റേതെങ്കിലും ആപ്പിന്റെ സഹായം വേണമായിരുന്നു.
സ്റ്റിക്കര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ആപ്പിലെ പരസ്യങ്ങളും നമ്മള്‍ സഹിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ സ്വന്തമായി സ്റ്റിക്കറുണ്ടാക്കാന്‍ മറ്റേതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരില്ല. വാട്ട്‌സ്ആപ്പ് തന്നെയാണ് ഇതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുന്നത്.
വാട്ട്‌സ്ആപ്പില്‍ നിന്ന് തന്നെ സ്വന്തമായി സ്റ്റിക്കര്‍ നിര്‍മ്മിക്കാനുള്ള ഫീച്ചറാണ് പുതിയ അപ്‌ഡേറ്റില്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ വാട്ട്‌സ്ആപ്പ് വെബ്ബില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാവുക.
സ്റ്റിക്കര്‍ സ്വന്തമായി നിര്‍മ്മിക്കാനായി ആദ്യം വാട്ട്സ് ആപ്പ് വെബ് വേര്‍ഷനില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഇഷ്ടമുള്ള ഒരു ചാറ്റ് ഓപ്പണ്‍ ചെയ്യണം. അവിടെ അറ്റാച്മെന്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ ക്യാമറയ്ക്ക് താഴെ ആയി സ്റ്റിക്കര്‍ എന്ന പുതിയ ഐക്കണ്‍ വന്നിരിക്കുന്നത് കാണാം.
ഇതില്‍ ക്ലിക്ക് ചെയ്യണം. ഇഷ്ടമുള്ള ചിത്രം തെരഞ്ഞെടുത്ത് ഇഷ്ടമുള്ള രീതിയില്‍ സ്റ്റിക്കര്‍ ഡിസൈന്‍ ചെയ്യാം. ഈ സ്റ്റിക്കര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യുകയും ചെയ്യാം.