സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫറെ മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍


കോഴിക്കോട്: സ്മൃതി ഇറാനിയുടെ കോഴിക്കോട്ടെ റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം. ജന്മഭൂമി കോഴിക്കോട് ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ എം ആര്‍ ദിനേശ്കുമാറിനാണ് കണ്ണിന് അടിയേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്‍ഡിഎയുടെ എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ടി പി ജയചന്ദ്രന്റെ റോഡ് ഷോയ്ക്കിടെ കക്കോടിയിലാണ് സംഭവം. സ്മൃതി ഇറാനി സ്‌കൂട്ടറില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് ആക്രമണം. കക്കോടി പൊക്കിരാത്ത് ബില്‍ഡിങ്ങിന മുന്നില്‍ വെച്ച് പ്രകടനത്തിലുള്ളയാള്‍ ഫോട്ടോഗ്രാഫരോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു. പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു.സ്മൃതി ഇറാനി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് ആശുപത്രിയില്‍ ദിനേശ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.