സ്പോട്ട് റജിസ്ട്രേഷൻ: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പട്ടിക ശേഖരിച്ചു തുടങ്ങി; മുൻഗണന ക്രമം ഇങ്ങനെ


കോഴിക്കോട്: സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്ന വാക്സീൻ ഡോസുകളിൽ 50 ശതമാനം തദ്ദേശസ്ഥാപനങ്ങൾ തയാറാക്കുന്ന പട്ടിക വഴിയാക്കുമെന്ന പ്രഖ്യാപനം ജില്ലയിൽ അടുത്താഴ്ച മുതൽ നടപ്പാക്കിയേക്കും. അവരവരുടെ വാർഡുകളിൽ വാക്സീൻ ലഭിക്കാനുള്ളവരുടെ പട്ടിക തദ്ദേശസ്ഥാപന പ്രതിനിധികൾ ശേഖരിച്ചു തുടങ്ങി.

ഓൺലൈനിൽ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്കു സ്പോട്ട് റജിസ്ട്രേഷൻ സഹായകരമാകുമെന്നാണു വിലയിരുത്തൽ. 15 വരെ 60 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണു വാക്സിനേഷൻ. 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകാനാണു ശ്രമം. അതിനു ശേഷം മറ്റുള്ളവർക്കായി വാക്സിനേഷൻ ആരംഭിക്കും.

ഓരോ കേന്ദ്രത്തിലെയും 50 ശതമാനം സ്ലോട്ട് മാത്രമേ ഓൺലൈനിൽ ബുക്ക് ചെയ്യാൻ സാധിക്കൂ. ബാക്കി വാർഡ് തലങ്ങളിൽ തയാറാക്കുന്ന പട്ടിക വഴി സ്പോട്ട് റജിസ്ട്രേഷനിലൂടെ നൽകും. എന്നാൽ, ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർ സ്വന്തം തദ്ദേശസ്ഥാപനങ്ങളിൽ തന്നെ ബുക്ക് ചെയ്യണമെന്ന നിർദേശം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഓൺലൈനിൽ സ്ലോട്ട് ലഭിക്കുന്നതു തന്നെ ഭാഗ്യപരീക്ഷണമാകുന്ന പശ്ചാത്തലത്തിൽ സ്വന്തം പഞ്ചായത്തിലെ ആകെയുള്ള വാക്സീൻ വിതരണ കേന്ദ്രത്തിൽ ബുക്ക് ചെയ്യുന്നത് പ്രായോഗികമല്ല.

തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിൽ സ്പോട്ട് റജിസ്ട്രേഷനു മുൻഗണന ക്രമം

  • 60 വയസ്സിനു മുകളിൽ രണ്ടാം ഡോസ് ലഭിക്കാനുള്ളവർ
  • 18 വയസ്സിനു മുകളിൽ രണ്ടാം ഡോസ് ലഭിക്കാനുള്ള കിടപ്പുരോഗികൾ.
  • ആദ്യ ഡോസ് ലഭിക്കാനുള്ള, 45 മുതൽ 60 വരെ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവർ.
  • ആദ്യ ഡോസ് ലഭിക്കാനുള്ള, 18 മുതൽ 44 വരെ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവർ.
  • രണ്ടാം ഡോസ് ലഭിക്കാനുള്ള, 45 മുതൽ 60 വരെ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവർ.
  • രണ്ടാം ഡോസ് ലഭിക്കാനുള്ള, 18 മുതൽ 44 വരെ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവർ.
  • 18 വയസ്സിനു മുകളിലുള്ള, സംസ്ഥാനസർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നവർ.
  • 18 മുതൽ 44 വരെ പ്രായമുള്ള, മറ്റ് അസുഖങ്ങളില്ലാത്തവർ. പ്രായം കൂടിയവർക്ക് ആദ്യം വാക്സീൻ നൽകും.