‘സ്പെഷ്യൽ ഡ്രൈവ്’ കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് സിറ്റി പരിധിയില്‍ 30 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. കോഴിക്കോട് സിറ്റി കമ്മീഷണര്‍ എ.വി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ സ്വപ്നില്‍ മഹാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.

സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് എസ്എച്ച്ഒ-മാരുടെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഏഴ് പേരെയും വെള്ളയില്‍ അഞ്ച്, ടൗണ്‍ നാല്, കുന്ദമംഗലം, എലത്തൂര്‍-മൂന്ന്, ട്രാഫിക്, ചേവായൂര്‍ – രണ്ട്, കസബ,പന്നിയങ്കര, മെഡിക്കല്‍ കോളേജ്, ബേപ്പൂര്‍ – ഒന്ന് എന്നിങ്ങനെയാണ് പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

തുടര്‍ന്നും ലോങ് പെന്റിങ് വാറണ്ട് പ്രതികള്‍ക്കെതിരെ ഉള്ള നടപടികള്‍ ശക്തമാക്കുമെന്നും, വിദേശത്തുള്ള പിടികിട്ടാപ്പുള്ളികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചും നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.