സ്പിന്നിങ് മില്‍ ചെയര്‍മാന്റെ നിയമനം സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് സി.പി.എ.അസീസ്


നടുവണ്ണൂര്‍ : ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതാവിനെ തൃശ്ശൂര്‍ സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാനായി ഇടതുസര്‍ക്കാര്‍ നിയമിച്ചതിലൂടെ സി.പിഎം-ബി.ജെ.പി ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ്. എന്‍.ഡി.എയുടെ മുന്‍ തൃശ്ശൂര്‍ ജില്ലാകണ്‍വീനര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരള പോലീസില്‍ ആര്‍ എസ്.എസിന്റെ സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരിയുടെ കുറ്റസമ്മതവും, ജില്ലാ സമ്മേളനത്തില്‍ പോലീസിന്റെ ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരെ വന്ന വിമര്‍ശനവും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഊരള്ളൂര്‍ മേഖല മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി. നാസര്‍ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.വി.എംബഷീര്‍, കെ.റഫീഖ്, കെ. ഇബ്രാഹിം, കെ.ഹാരിസ്, വി.സി അസീസ്, വി.അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.