‘സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന ആഢംബര കല്ല്യാണം വേണ്ടയെന്നത് ഞങ്ങളുടെ തീരുമാനമാണ്’ ; ഒരുമിച്ച് വൃക്ഷതൈ നട്ടുകൊണ്ട് പുതുജീവിതത്തിലേക്ക് കടന്ന് പേരാമ്പ്ര സ്വദേശി
പേരാമ്പ്ര: ആഢംബരങ്ങളൊന്നുമില്ലാതെ ഒരു ചെറിയ ചടങ്ങ്, അതായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ശ്രീലക്ഷ്മിയുടെ സ്വപ്നം. അതിന് കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ പേരാമ്പ്ര സ്വദേശിയായ ശ്രീലക്ഷ്മിയുടെയും പൊയില്‍ക്കാവ് സ്വദേശി ശ്രീരാഗിന്റെയും വിവാഹം സമൂഹത്തിനു തന്നെ മാതൃകയായി. പ്രത്യേകിച്ച് സ്ത്രീധനവും ആഢംബരവിവാഹവും ചര്‍ച്ചയാകുന്ന ഈ കാലത്ത്.
ലളിതമായ ചടങ്ങ് മാത്രം മതിയെന്നത് താനും പങ്കാളിയും കൂടി തീരുമാനിച്ചതാണെന്ന് ശ്രീലക്ഷ്മി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്തിനാണ് വിവാഹത്തിന് ഇത്രയേറെ ആഢംബരം എന്നാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്. കോവിഡ് കാലമായതുകൊണ്ട് ആള്‍ക്കൂട്ടം ഒഴിവാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ചടങ്ങ് ലളിതമാക്കിയതിനു പിന്നില്‍.
‘ വിവാഹത്തെക്കുറിച്ചുള്ള ഒരു പരമ്പരാഗത രീതിയുണ്ടല്ലോ, പെണ്ണൊരുങ്ങുക, സ്വര്‍ണാഭരണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍. ഇന്നും അത് പിന്തുടരേണ്ട ആവശ്യകതയെന്താണ്? സ്ത്രീധനത്തെ സ്ത്രീകള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയല്ലേ ഇതിലൂടെ. ‘ ശ്രീലക്ഷ്മി ചോദിക്കുന്നു. തങ്ങളുടെ ഈ വേറിട്ട വഴി ആര്‍ക്കെങ്കിലും പ്രചോദനമാകുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂവെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ശ്രീലക്ഷ്മിയുടെ അഭിപ്രായം തന്നെയാണ് വിവാഹത്തിന്റെ കാര്യത്തില്‍ ശ്രീരാഗിനും. ‘വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചപ്പോള്‍ എന്താണ്ട് ഒരേതരത്തില്‍ ചിന്തിക്കുന്നവരാണെന്ന് മനസിലായി. രണ്ടുപേരും കൂടിയാണ് വിവാഹത്തിന് ആഢംബരവും ചടങ്ങുകളുമൊന്നും വേണ്ടെന്ന് തീരുമാനിച്ചത്.’
‘ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമാണ്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നെന്തിനാണ് ഈ ചടങ്ങുകളുടെയും വലിയ ആള്‍ക്കൂട്ടത്തിന്റെയുമൊക്കെ ആവശ്യം.’ അദ്ദേഹം ചോദിക്കുന്നു.
സെപ്റ്റംബര്‍ എട്ടിന് പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. വിവാഹത്തിന് മുഹൂര്‍ത്തമോ ജാതകമോ നോക്കിയിട്ടില്ല. വിവാഹം കുറച്ച് നീട്ടിവെച്ചൂടെ, ചെറിയ രീതിയില്‍ നടത്തുമ്പോള്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും തുടങ്ങിയ സംസാരങ്ങള്‍ ചിലകോണുകളില്‍ നിന്നുണ്ടായിരുന്നു. പക്ഷേ ഇരുവീട്ടുകാരുടെയും ബന്ധുകള്‍ തങ്ങളുടെ തീരുമാനത്തിന് ഒപ്പം നിന്നുവെന്നും ഇരുവരും പറയുന്നു. ശ്രീലക്ഷ്മിയും ശ്രീരാഗുമടക്കം പത്തോളം പേര്‍ മാത്രമാണ് വിവാഹചടങ്ങിലുണ്ടായിരുന്നത്.
രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും മാലയിട്ട് ഇറങ്ങിയ ഇരുവരും ശ്രീലക്ഷ്മിയുടെ വീട്ടില്‍ ഒരു വൃക്ഷതൈ നട്ടുകൊണ്ടാണ് ഒരുമിച്ചുള്ള പുതിയ ജീവിതത്തിന് തുടക്കമിട്ടത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്‍പര്യമുള്ളയാളാണ് ശ്രീലക്ഷ്മി. നൊച്ചാട് എച്ച്.എസ്.എസില്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മാതൃഭൂമി സീഡ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയിരുന്നു.
പേരാമ്പ്ര സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ നൊച്ചാട് കണ്ടോത്ത് ദിലീപിന്റെയും ഗിരിജയുടെയും മകളാണ് ശ്രീലക്ഷ്മി. ഇംഗ്ലീഷ് ഭാഷയില്‍ പി.ജിയും ബി എഡും കഴിഞ്ഞ ശ്രീലക്ഷ്മി പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ക്ലാസെടുക്കുന്നു. മീത്തലെ വയലേരി ഗംഗാധരന്റെയും ശാരദയുടെയും മകനായ ശ്രീരാഗ് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസറായി ജോലി ചെയ്യുകയാണ്.