സ്ത്രീധനം വാങ്ങില്ലെന്ന് വിശ്വാസികൾ തീരുമാനിക്കണം; പെരുന്നാൾ ദിനത്തിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ പെരുന്നാള്‍ ദിനത്തില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം. സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നു സുഹൈബ് മൗലവി പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും മാതാപിതാക്കള്‍, യുവതി യുവാക്കള്‍, മതമേധാവികള്‍ സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണമെന്നും സുഹൈബ് മൗലവി പറഞ്ഞു.
ലക്ഷദ്വീപ് വിഷയത്തിലും പാളയം ഇമാം വി.പി സുഹൈബ് മൗലവി പ്രതികരിച്ചു. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുന്നുവെന്നും ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്നത് അന്യായമാണെന്നും സുഹൈബ് മൗലവി ചൂണ്ടിക്കാട്ടി.
‘ഇത് ചോദ്യം ചെയ്യപ്പെടണം. അഭിനവ നമ്പൂതിരിമാര്‍ സ്വേചാദിപത്യവും കരിനിയമവും നടപ്പിലാക്കുന്നു. ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ജാതി മതത്തിന് അപ്പുറമായ സൗഹൃദം നാട്ടില്‍ നിലനില്‍ക്കണം’- സുഹൈബ് മൗലവി വ്യക്തമാക്കി.
അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കരുതെന്ന് പാളയം ഇമാം പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് മുസ്ലീം സമുദായത്തിന് വേണ്ടിയാണ്. എന്നാല്‍ മുസ്ലീം സമുദായത്തിന്റെ ന്യായമായ അവകാശം ലംഘിക്കരുതെന്നും സ്‌കോളര്‍ഷിപ്പിന്റെ പേരിലുള്ള ചര്‍ച്ചകള്‍ നാടിന്റെ സൗഹാര്‍ദം തകര്‍ക്കാന്‍ ഇടയാക്കരുതെന്നും ഇമാം പറഞ്ഞു.
കലാകാരന്‍മാര്‍ സാഹചര്യം മനസിലാക്കി ഇടപെടേണ്ടതുണ്ടെന്നും മത സൗഹാര്‍ദത്തില്‍ ഊന്നിയുളള ആവിഷ്‌കാര സൃഷ്ടികള്‍ ഇനിയും ഉണ്ടാകണമെന്നും പറഞ്ഞു. പെരുന്നാള്‍ ആഘോഷം കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിച്ചാകണമെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി ഓര്‍മപ്പെടുത്തി. കൊവിഡ് കാലമായതിനാല്‍ തന്നെ ഇത്തവണ പെരുന്നാളിനോടനുബന്ധിച്ച് പതിവുള്ള ഈദ് ഗാഹുകളില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കും.