സ്‌കൂള്‍ ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ നാട്ടുകാര്‍ ധനസഹായം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സ്‌കൂള്‍ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നാട്ടുകാരുടെ സഹായത്താല്‍ എല്ലാവരും ഒന്നിച്ച് നിന്നാല്‍ ബസിന് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര വര്‍ഷമായി ഓടാതെ കിടക്കുന്ന ബസുകള്‍ക്ക് അറ്റകുറ്റ പണികള്‍ തീര്‍ത്ത് ഫിറ്റ്‌നസ് നേടുകയെന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇതിനായി മന്ത്രി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബര്‍ 20നകം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പല സ്‌കൂളുകളിലെയും ബസുകള്‍ മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഇവയ്ക്ക് അറ്റകുറ്റപ്പണികള്‍ക്ക് ഭീമമായ തുക ചെലവാകും.

സ്‌കൂള്‍ ബസുമായി ബന്ധപ്പെട്ട വിഷയം ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായും ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.