സ്‌കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി; നിയന്ത്രണങ്ങള്‍ ഇവയാണ്


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കരട് മാര്‍ഗരേഖ തയ്യാറായി. ഒരു ബെഞ്ചില്‍ രണ്ടു പേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ല.

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാവില്ല. പകരം അലവന്‍സ് നല്‍കും. സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.

കുട്ടികളുടെ ശരീര ഊഷ്മാവ്, ഓക്‌സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ആവശ്യമായ മാസ്‌കും സാനിറ്റൈസറും സ്‌കൂളുകളില്‍ ഉറപ്പാക്കും. ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്.

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് സ്‌കൂളുകള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. നവംബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനു മുമ്പ് പി.ടി.എ യോഗം ചേരും.

അന്തിമ മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.