സ്‌കൂള്‍ തുറക്കല്‍: ഇതാ അറിഞ്ഞിരിക്കേണ്ട ചില നിര്‍ദേശങ്ങള്‍


തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങിക്കഴിഞ്ഞു. കുട്ടികളും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പൊതുനിര്‍ദേശങ്ങളിതാ.

1. രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിേച്ചരേണ്ടത്.
2. കുട്ടികള്‍ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്.
3. 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ ഒരു ബെഞ്ചില്‍ പരമാവധി രണ്ട് കുട്ടികളാകാം.
4. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികള്‍ ഹാജരാകാവുന്നതാണ്.
5. സ്‌കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്.
6. ആദ്യ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.
7. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസില്‍ വരുന്ന രീതിയില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കേണ്ടതാണ്.
8. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ക്രമീകരണ ചുമതല സ്‌കൂള്‍ മേധാവിക്കായിരിക്കും.
9. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി വേണം സ്‌കൂളില്‍ എത്തിച്ചേരേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം
നിശ്ചയിക്കേണ്ടത്.
10. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം (വിദ്യാര്‍ത്ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ട് ദിവസം) സ്‌കൂളില്‍ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സ്ഥിരമായി അതേ ബാച്ചില്‍ തന്നെ തുടരേണ്ടതാണ്.
11. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ പെടുത്തുന്നതാണ് ഉചിതം.
12. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല.
13. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികള്‍ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം)
പ്രാഥമിക സമ്പര്‍ക്കം ഉള്ള/സംശയിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, സമ്പര്‍ക്കവിലക്കില്‍ ഇരിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, കൊവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എന്നിവര്‍ സ്‌കൂളില്‍ ഹാജരാകേണ്ടതില്ല.
14. കൊവിഡ് ബാധിതര്‍ വീട്ടിലുണ്ടെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കേണ്ടതാണ്.
15. നല്ല വായുസഞ്ചാരമുള്ള മുറികള്‍/ഹാളുകള്‍ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ.
16. സാധ്യമാകുന്ന ഘട്ടങ്ങളില്‍ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
17. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

18. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകളുടെ സാഹചര്യം കൂടി കണക്കിലെടുത്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് നടപ്പിലാക്കേതാണ്.
19. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സില്‍ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്.
20. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ വരേണ്ടതില്ല എന്ന് നിര്‍ദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികള്‍ മാത്രമുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോസ്റ്റലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
21. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്.
22. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍, മറ്റ് താത്ക്കാലിക ജീവനക്കാര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്.
23. കൊവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളില്‍ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം സ്‌കൂള്‍മേധാവികള്‍ ക്ലാസുകള്‍ ക്രമീകരിക്കേണ്ടതാണ്.
24. സ്‌കൂള്‍സംബന്ധമായ എല്ലാ യോഗങ്ങള്‍ തുടങ്ങുമ്പോഴും ക്ലാസുകള്‍ തുടങ്ങുമ്പോഴും കൊവിഡ് അനുയോജ്യ പെരുമാറ്റം ഓര്‍മ്മപ്പെടുത്തുകയും കൊവിഡ് ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
25. അക്കാദമികപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാണ്.
26. സ്‌കൂള്‍തലത്തില്‍ ഒരു ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തേതാണ്.