സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് കിട്ടിയില്ല: അരിക്കുളം എല്‍.പി സ്‌കൂള്‍ ഭാവന ഗ്രന്ഥാലയത്തിലേക്ക് മാറ്റി


അരിക്കുളം: സ്‌കൂള്‍ കെട്ടിടം പൊളിഞ്ഞുവീഴാറായ അവസ്ഥയിലായതിനാല്‍ അരിക്കുളം എല്‍.പി സ്‌കൂളിന് തുറന്നുപ്രവര്‍ത്തിക്കാന്‍ ഫിറ്റ്‌നസ് ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് സമീപത്തെ ഭാവന ഗ്രന്ഥാലയത്തിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റി.

58 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. പൊളിഞ്ഞുവീഴാറായ കെട്ടിടം മാറ്റിപ്പണിയണമെന്ന ആവശ്യം രക്ഷിതാക്കളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും പലതവണ ഉയര്‍ന്നിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് ഇത് ചെവിക്കൊണ്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ ഗ്രന്ഥാലയത്തിലേക്ക് മാറ്റേണ്ടിവന്നത്.

ഭാവന ഗ്രന്ഥാലയത്തില്‍ ഇന്ന് നടന്ന പ്രവേശനോത്സവം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഗിരീഷ് എടവന അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള ഇടപ്ലപ്പള്ളി, ഭാവന ഗ്രഥാലയം സെക്രട്ടറി പി കെ ഷൈലേഷ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷിംജിത്ത് എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.