സ്കൂളുകൾക്ക് തലവേദനയായി ഓൺലൈൻ ക്ലാസ്സുകളെ ശല്യപ്പെടുത്തിയുള്ള നുഴഞ്ഞുകയറ്റം, കുട്ടിക്കളിയല്ല; പഠനമാണ്, ഒരുക്കണം നല്ലൊരു ജാഗ്രത


പേരാമ്പ്ര: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തുനിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് പരാതികള്‍ വര്‍ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഗൂഗിള്‍ മീറ്റ് തുടങ്ങിയവയിലുമാണ് കുട്ടികല്ലാത്തവരും നുഴഞ്ഞ് കയറി ക്ലാസ് അലങ്കോലമാക്കുന്നത്. മിക്ക ജില്ലകളിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരക്കാര്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുടെയാണ് കടന്നു പോകുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല കമ്മന്റുകളും, വീഡിയോകളും ഇത്തരക്കാര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. സിനിമാ കഥാപത്രങ്ങളുടെ പേരുകളും ഫോട്ടോയുമാണ് പലരുടെയും ഐഡി. ഇതിനാല്‍ ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ ആരെല്ലാമെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇത് മുതലെടുത്താണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറുന്നത്.

കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പോലീസില്‍ പരാതി നല്‍കുന്നത്. ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് നല്‍കുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് നുഴഞ്ഞുകയറ്റത്തിന് ഇടയാക്കുന്നാതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിക്ടേഴ്‌സിലെ ക്ലാസുകള്‍ കൂടാതെ മിക്ക വിദ്യാലയങ്ങളിലും വാട്‌സ്ആപ്പ് വഴി വിദ്യാര്‍ത്ഥികളുടെ സംശങ്ങള്‍ തീര്‍ക്കുകയും വര്‍ക്ക്ഷീറ്റ് നല്‍കുകയും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനായി ക്ലാസടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാലയത്തിലും കൂടുതല്‍ വിപുലമാക്കി. ഇതിന്റെ ഭാഗമായി വിക്ടേഴ്‌സിലെ ക്ലാസിനൊപ്പം തന്നെ വിദ്യാലയങ്ങളിലും ടൈ ടേബിള്‍ അടിസ്ഥാനത്തിലുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം വാട്‌സ് ആപ്പ് ഗ്രുപ്പുകളും അധ്യാപകര്‍ അഡ്മിനായി ആരംഭിച്ചു. മൂന്ന് ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഓരോ ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരേ സമയം 100 ന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലുണ്ട്. ക്ലാസ്സ് ലഭ്യത ഉറപ്പു വരുത്താൻ ഒന്നിലധികം നമ്പർ നൽകുന്നവരുമുണ്ട്. അതുകൊണ്ട് അധ്യാപകര്‍ക്ക് ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ ആരൊക്കെ എന്ന് മനസിലാക്കാന്‍ സാധിക്കാറില്ല. വിഡിയോ ഓണ്‍ചെയ്യുമ്പോള്‍ മാത്രമാണ് കുട്ടികളെ മനസിലാകുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രൂപ്പുകളില്‍ കയറാനുള്ള ലിങ്ക് ചോര്‍ന്ന് പുറത്തു നിന്നുള്ളവര്‍ ക്ലാസുകളില്‍ നുഴഞ്ഞു കയറുകയാണിപ്പോള്‍. മൂന്നും നാലും പേരാണ് ഇത്തരത്തില്‍ ക്ലാസുകളില്‍ എത്തുന്നത്. ഇവരില്‍ നിന്ന് വരുന്നതകളട്ടെ മോശമായ രീതിയിലുള്ള വാക്കുകളാണ്. കുട്ടികളെും അധ്യാപകരെയും മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും ഇത്തരക്കാര്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നു. മുഖം മറച്ചു വെച്ച് ഗൂഗിള്‍ മീറ്റിന്റെ ക്ലാസുകളില്‍ ഡാന്‍സ് ചെയ്ത സംഭവവവും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് അധ്യാപകര്‍. വിദ്യാര്‍ത്ഥികളെ വിശ്വസിച്ച് നല്‍കുന്ന ലിങ്കുകളാണ് ചോര്‍ത്തപ്പെടുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നിട്ടില്ലെങ്കില്‍ ഇത് ഇനിയും ആവര്‍ത്തിക്കാനിടയുണ്ട്. അതിനാല്‍ ഓരോ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായി എടുക്കേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ കുട്ടികള്‍ തമാശയ്ക്കാണെങ്കിലും ലിങ്കുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

ക്ലാസുകള്‍ ഓണ്‍ലൈനായപ്പോള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷം വീണ്ടും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ മീറ്റ് ഉള്‍പ്പെടെയുള്ളവയിലൂടെ പരസ്പരം കണ്ട് ക്ലാസുകള്‍ എടുക്കാന്‍ വിദ്യാലയങ്ങള്‍ തീരുമാനിച്ചത്. നുഴഞ്ഞു കയറ്റക്കാര്‍ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം ദുരുപയോഗം ചെയ്യുന്നത് നിസ്സാര വിഷയമല്ല. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നിയമ സഹായം തേടേണ്ടതാണ്.

സുരക്ഷയ്ക്ക് എന്തുചെയ്യാം?

കോവിഡിനു മുമ്പ് സ്‌കൂള്‍ മതിലിനുള്ളില്‍ കുട്ടി പ്രവേശിച്ചുകഴിഞ്ഞാല്‍ പൂര്‍ണ ഉത്തരവാദിത്വം സ്‌കൂളിനായിരുന്നു. അന്ന് ക്ലാസ് നടക്കുമ്പോള്‍ ഒരാള്‍ പുറത്തുനിന്നെത്തി അതിക്രമം കാണിക്കുന്നതിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴത്തെ വെര്‍ച്വല്‍ ക്ലാസ് റൂമുകളില്‍ ഉണ്ടായ സംഭവങ്ങള്‍. സംസ്ഥാനത്ത് 80 ശതമാനം സ്‌കൂളുകളിലും ലൈവ് ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞു. അതില്‍ 90 ശതമാനവും ഉപയോഗിക്കുന്നത് ഗൂഗിള്‍ മീറ്റാണ്. മൈക്രോസോഫ്റ്റ് ടീംസ്, വെബെക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരും ഉണ്ട്.

ക്ലാസിനുള്ള ലിങ്കുകള്‍ ആര്‍ക്കും കൈമാറരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. ഒരു സ്‌കൂളിലെ നിശ്ചിത ക്ലാസിലെ കുട്ടികളുടെ ഐ.ഡി.കള്‍ ഷെഡ്യൂള്‍ചെയ്തുവെയ്ക്കാനുള്ള സംവിധാനം ഗൂഗിള്‍ മീറ്റിലുണ്ട്. രണ്ടുമാസം വരെ ഈ ലിങ്കിന് വാലിഡിറ്റിയും ഉണ്ടാവും. ഇങ്ങനെ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ കുട്ടിക്ക് ക്ലാസ് സമയത്ത് നേരിട്ട് പ്രവേശിക്കാം. ഷെഡ്യൂള്‍ ചെയ്തവരുടെ കൂട്ടത്തിലില്ലാത്ത ആള്‍ വരുമ്പോള്‍ പ്രവേശനാനുമതി ചോദിക്കും. അത് നിഷേധിച്ചാല്‍ മതിയാവും.

സ്‌കൂളുകള്‍ക്കനുസരിച്ച് പ്ലാറ്റ്ഫോം ഒരുക്കാം

ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളെക്കുറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്ല ധാരണ ഉണ്ടാവണം. സ്‌കൂളുകളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സുരക്ഷ ഒരുക്കുന്നതാവും ഉചിതം. കുട്ടികളുടെ എണ്ണം, ഡിവിഷനുകളുടെ എണ്ണം എന്നിവകൂടി കണക്കിലെടുത്ത് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും.