സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നൊച്ചാട് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു


നൊച്ചാട്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി നൊച്ചാട് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. വിവിധ സ്‌കൂളുകളുടെ പ്രധാനാധ്യാപകരുടെയും ഭരണസമിതി അംഗങ്ങളുടെയും സംയുക്തയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷകളില്‍ പേരാമ്പ്ര ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിന് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി ഉപഹാരം സമര്‍പ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ക്ലാസെടുക്കാന്‍ അവസരം ലഭിച്ച അധ്യാപകരായ എസ്.കെ സൂര്യ, വി.കെ സരിത എന്നിവരെ യോഗം അനുമോദിച്ചു.

വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഷിജി കൊട്ടാരക്കല്‍, ശോഭന വൈശാഖ്, ബിന്ദു അമ്പളി, വാര്‍ഡ് മെമ്പര്‍ കെ. മധു കൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി കെ. നാരായണന്‍, സുരേന്ദ്രന്‍ പുത്തഞ്ചേരി, വി.എം അഷറഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി.ഇ.സി കണ്‍വീനര്‍ ബഷീര്‍ മാസ്റ്റര്‍ സ്വാഗതവും സുമേഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.