സ്‌കൂട്ടര്‍ ഓടിക്കുന്നത് ഭര്‍ത്താവ്, മാല പൊട്ടിക്കുന്നത് ഭാര്യ; എറണാകുളത്ത് ദമ്പതിമാര്‍ പിടിയില്‍


ആലുവ: സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത ദമ്പതിമാരെ എറണാകുളം ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ സുജിത്ത് കുമാര്‍ (35) ഭാര്യ വിദ്യ (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ രണ്ടാംതീയതി രാവിലെയായിരുന്നു സംഭവം. പള്ളിയില്‍ പോവുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്റെ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപത്തുവെച്ച് ഇരുവരും പൊട്ടിച്ചെടുത്തത്. ഭര്‍ത്താവ് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ പിറകിലിരിക്കുന്ന ഭാര്യയാണ് മാല പൊട്ടിക്കുന്നത്. വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച സ്‌കൂട്ടറിലായിരുന്നു ഇവരുടെ യാത്ര.

കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചിരുന്നെങ്കിലും ആളുകളെ സംബന്ധിച്ച് വ്യക്തയില്ലായിരുന്നു. തുടര്‍ന്ന് സമീപപ്രദേശത്തെ സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിച്ചു. മുമ്പ് സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയും സംശയിക്കുന്നവരെയും ചോദ്യംചെയ്തു. ഇതിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചതിന് പുറമേ മറ്റുസ്ഥലങ്ങളില്‍ നടത്തിയ മോഷണശ്രമങ്ങളും ഇവര്‍ പോലീസിനോട് സമ്മതിച്ചു.

അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായതെന്ന് റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്ക് പറഞ്ഞു. മുനമ്പം ഡിവൈ.എസ്.പി. ആര്‍.ബൈജുകുമാര്‍, ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ. അരമന, എസ്.ഐ. എ.കെ.സുധീര്‍, എ.എസ്.ഐ.മാരായ ദേവരാജന്‍, സാജന്‍, വിക്കി ജോസഫ്, സുനീഷ് ലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരിജാവല്ലഭന്‍, അജയകുമാര്‍, റോബര്‍ട്ട് ഡിക്‌സണ്‍, സുബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ദാസ്, സ്വരാഭ്, ടിറ്റു, പ്രീജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.