സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിയതിന് പ്രതികാരം: മലപ്പുറത്ത് സഹോദരനെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി


മലപ്പുറം: സഹോദരനെതിരെ പ്രായപൂര്‍ത്തിയാവാത്ത സഹോദരി നല്‍കിയ പീഡന പരാതി വ്യാജമെന്ന് തെളിഞ്ഞു. സ്മാര്‍ട്ട് ഫോണിലൂടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിയതിന്റെ പ്രതികാരമായാണ് പെണ്‍കുട്ടി സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കിയത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച പെണ്‍കുട്ടി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് കണ്ടെത്തിയതോടെ സഹോദരന്‍ ശകാരിക്കുകയും വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു. തുടര്‍ന്ന് പരാതി തയ്യാറാക്കി ചൈല്‍ഡ്‌ലൈനിന് കൈമാറുകയായിരുന്നു പെണ്‍കുട്ടി.

ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് കുട്ടി പരാതി നല്‍കിയത്. സഹോദരന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ചൈല്‍ഡ്‌ലൈന്‍ പരാതി പൊലീസിന് കൈമാറി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെയും തിരൂര്‍ ഡി.വൈ.എസ്.പിയുടെയും നിര്‍ദ്ദേശ പ്രകാരം ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. മൊഴിയിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച സി.ഐ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. കൂടാതെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞതോടെ പെണ്‍കുട്ടിയെ മനഃശാസ്ത്ര കൗണ്‍സിലിങ്ങിന് വിധേയയാക്കി. അതോടെ പീഡനം നടന്നിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി.


Also Read: ഇടിമിന്നലടിച്ചാല്‍ ‘മിന്നല്‍ മുരളി’യാകുമോ? മിന്നല്‍ അപകടങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും വിശദമായി അറിയാം (വീഡിയോ കാണാം)