സോഷ്യലിസവും മമതാ ബാനര്‍ജിയും വിവാഹിതരാവുന്നു
സേലം: കമ്യൂണിസത്തെയും ലെനിനിസത്തെയും സാക്ഷിയാക്കി, സോഷ്യലിസം മമതാ ബാനര്‍ജിയുടെ കഴുത്തില്‍ താലികെട്ടുന്നു. ഞെട്ടണ്ട, സംഗതി കാര്യമാണ്. തമിഴ്നാട്ടിലാണ്, സി പി ഐ നേതാവിന്റെ മകന് സോഷ്യലിസം കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നുള്ള മമതാ ബാനര്‍ജിയെ വിവാഹം ചെയ്യുന്നത്. സേലം കൊണ്ടലാംപട്ടി കാട്ടൂരിലെ സോഷ്യലിസത്തിന്റെ വീട്ടില്‍ നാളെ രാവിലെ ഏഴുമണിക്കാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുളള വിവാഹം. സി പി ഐ സംസ്ഥാന സെക്രട്ടറി ആര്. മുത്തരശ്ശന്റെ സാന്നിധ്യത്തിലാണ് നാളെ വിവാഹ ചടങ്ങുകള്‍ നടക്കുക. തമിഴ്നാട്ടിലെ സി.പി.ഐ. മുഖപത്രം ‘ജനശക്തി’യില്‍ വന്ന വിവാഹ പരസ്യം ട്വിറ്ററില്‍ വൈറലായിരുന്നു.
സി.പി.ഐ സേലം ജില്ലാ സെക്രട്ടറി എ. മോഹന്റെ മകനാണ് സോഷ്യലിസം. സോവിയറ്റ് യൂണിയന് തകര്‍ന്നതിനെ തുടര്‍ന്ന്, ഇനി കമ്യൂണിസം ഇല്ലെന്ന മട്ടിലുള്ള ചര്‍ച്ചകള്‍ തകൃതിയായപ്പോഴാണ് മക്കള്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പേരുകള്‍ ഇട്ടതെന്ന് മോഹന്‍ പറയുന്നു. മൂത്തമകന് കമ്യൂണിസം എന്നുപേരിട്ടു. രണ്ടാമത്തെ മകന് പിറന്നപ്പോള്‍ അവന് ലെനിനിസം എന്നായി പേര്. മൂന്നാമനാണ് ഇപ്പോള്‍ വിവാഹിതനാവുന്ന സോഷ്യലിസം.
കമ്യൂണിസം സേലം ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്. സോഷ്യലിസവും ലെനിനിസവും ആഭരണനിര്‍മാണജോലി ചെയ്യുന്നു. കമ്യൂണിസവും ലെനിനിസവും ഇതിനിടെ വിവാഹിതരായി. ലെനിനിസത്തിന്റെ മകന് മാര്‍ക്സിസം എന്നാണ് പേരിട്ടത്.
വധു മമതാ ബാനര്‍ജി കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കോണ്‍ഗ്രസുകാരനായ മുത്തച്ഛനാണ് മമതയുടെ പേര് പേരക്കുട്ടിക്ക് നല്‍കിയത്. പത്തൊമ്പതുകാരിയായ മമതാ ബാനര്‍ജി കോളേജ് പഠനം പൂര്‍ത്തിയാക്കി.
കൊണ്ടലാംപട്ടിയില്‍ പലരുടെയും പേരുകള്‍ കമ്യൂണിസവുമായോ കമ്യൂണിസ്റ്റ് ദേശങ്ങളുമായോ നേതാക്കളുമായോ ബന്ധപ്പെടുത്തിയുള്ളതാണ്. മോസ്കോ, റഷ്യ്യ, വിയറ്റ്നാം, ഭൂപേഷ് ഗുപ്ത, ചെക്കോസ്ലാവാക്യ എന്നിങ്ങനെ പേരുകള്‍ ഇവിടെ സാധാരണമാണ്. എന്നാലും, മക്കളുടെ പേരുകള്‍ അവര്‍ക്ക് ചെറുപ്പത്തില്‍ വിഷമമുണ്ടാക്കിയതായി മോഹനന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ”പേരു വെച്ച് പലരും ഇവരെ ക്രിസ്ത്യാനികളായാണ് കണക്കാക്കിയത്. കോളജില്‍ എത്തിയപ്പോള്‍, എന്നാല്‍, പേരുകള്‍ ശ്രദ്ധിക്കപ്പെട്ടു. മൂന്ന് മക്കളും പാര്‍ട്ടി പ്രവര്‍ത്തകരാണ്. ”