സോളർ തട്ടിപ്പ് കേസ്: സരിത നായർ കീഴടങ്ങണമെന്ന് ഹൈക്കോടതി


കൊച്ചി: സോളർ തട്ടിപ്പ് കേസിൽ സരിത എസ്.നായരോട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടു. സരിതയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് രണ്ടാഴ്ചത്തേക്ക് കോടതി മരവിപ്പിച്ചു. കീഴടങ്ങുന്ന ദിവസം ജാമ്യാപേക്ഷ സമർപ്പിക്കാൻ സരിതയോടും അപേക്ഷയിൽ നിയമാനുസൃത തിരുമാനമെടുക്കാൻ കീഴ്ക്കോടതിയോടും ഹൈക്കോടതി നിർദേശിച്ചു.

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോഴിക്കോട് മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. സോളർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്.

കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നുമാണ് പറഞ്ഞിട്ടുളളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി ജാമ്യം റദ്ദാക്കുകയും സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു.