സൈക്കിളോടുകൂടി വെള്ളക്കെട്ടില്‍ വീണു; വിദ്യാര്‍ത്ഥിയെ ധീരമായി രക്ഷപ്പെടുത്തി ചങ്ങരോത്ത് സ്വദേശി യൂസഫ്


ചങ്ങരോത്ത്: സൈക്കളോടുകൂടി വെള്ളത്തില്‍ വീണ പത്തു വയസുകാരനെ രക്ഷപ്പെടുത്തി യുവാവ് മാതൃകയായി. ചങ്ങരോത്തെ ചെറുകുന്നും ചാലില്‍ യൂസഫാണ് പൂളക്കണ്ടി സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് സിനാനെ വെള്ളവും നിറയെ ചളിയുമുള്ള വയലില്‍ നിന്ന് സന്ദര്‍ഭോചിതമായ ഇടപെടല്‍ നടത്തി രക്ഷിച്ചത്.

റോഡിലൂടെ സൈക്കിളോടിച്ചു വന്ന മുഹമ്മദ് സിനാന്‍ ബ്രേക്ക് നഷ്ടപ്പെട്ടു വയലിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് ഓടി വന്ന യൂസഫ് ചളിയില്‍ മുങ്ങിത്താഴുന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്താനായി വെള്ളക്കെട്ടിലേക്ക് എടുത്തു ചാടി. യൂസഫിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കാര്യമായ പരിക്കുകളില്ലാതെ സിനാനെ രക്ഷിക്കാന്‍ കഴിഞ്ഞത്.

പല വിധ പ്രയാസങ്ങളും മന:സംഘര്‍ഷങ്ങളും വേട്ടയാടുമ്പോഴും ആപത്ഘട്ടത്തില്‍ യൂസഫ് കാണിച്ച ആത്മധൈര്യം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ചങ്ങരോത്ത് വയലില്‍ കതിരണി, നിറവ് പദ്ധതികളുടെ ഭാഗമായി യന്ത്രമിറക്കുന്നതിനായി ബണ്ട് കെട്ടി വെള്ളം നിര്‍ത്തിയിട്ടുണ്ട്. ഇതിനൊപ്പം മഴയും പെയ്തതോടെ വയലിലെ ജലനിരപ്പ് ഉയരുകയായിരുന്നു.