സേനയില്‍ വീണ്ടും ആകാശദുരന്തം; രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു


ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്‌സാല്‍മീറിന് സമീപം തകര്‍ന്നുവീണു. അപകടത്തില്‍ വിമാനം പറത്തിയിരുന്ന പൈലറ്റ് വിങ് കമാന്റര്‍ ഹര്‍ഷിത് സിന്‍ഹ മരിച്ചു. മൃതദേഹം കണ്ടെത്തിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് വിമാനം തകര്‍ന്നതെന്ന് ജെയ്‌സാല്‍മീര്‍ എസ്.പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ലോക്കല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും താനും അപകടസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും എസ്.പി അറിയിച്ചു.

അപകടവും പൈലറ്റിന്റെ മരണവും വ്യോമസേന സ്ഥിരീകരിച്ചു.

‘ഇന്ന് രാത്രി 8:30 ഓടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -21 വിമാനം പടിഞ്ഞാറന്‍ സെക്ടറില്‍ പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.’ -വ്യോമസേന ട്വീറ്റ് ചെയ്തു.

തുടര്‍ന്നുള്ള രണ്ടാമത്തെ ട്വീറ്റിലാണ് പൈലറ്റായിരുന്ന വിങ് കമാന്റര്‍ ഹര്‍ഷിത് സിന്‍ഹയുടെ മണവും വ്യോമസേന സ്ഥിരീകരിച്ചത്.

ഈ വര്‍ഷം മാത്രം നിരവധി മിഗ്-21 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1971 മുതല്‍ 2012 ഏപ്രില്‍ വരെ മാത്രം 482 മിഗ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 171 പൈലറ്റുമാരും 39 സിവിലിയന്മാരും എട്ട് സര്‍വീസ് ഉദ്യോഗസ്ഥരും ഒരു എയര്‍ക്രൂവും കൊല്ലപ്പെട്ടതായി 2012 മെയ് മാസത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.