സെലക്ഷൻ കിട്ടിയത് വോളിബോളിൽ, സ്വർണ്ണം നേടിയത് ബോക്സിങ്ങിൽ; മിന്നും താരമായി വാകയാട് സ്വദേശിനി ശ്വേത
പേരാമ്പ്ര: സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ 66 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടി വാകയാട് ചാലക്കരയിലെ എസ്.എസ് ശ്വേത. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ വോളിബോൾ താരമായ ശ്വേത വോളിബോൾ പരിശീലനത്തിനിടെയാണ് ബോക്സിങ്ങിലും അരങ്ങേറ്റം കുറിച്ചത്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്വേതയ്ക്ക് വോളിബോളിൽ സെലക്ഷൻ കിട്ടി ശ്വേത കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തുന്നത്. അതിന് മുമ്പ് നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എട്ടിൽ പഠിക്കുമ്പോൾ വോളിബോളിൽ സെലക്ഷൻ ലഭിച്ചിരുന്നു. ബ്രദേഴ്സ് വാകയാടിന്റെ അവധിക്കാല വോളിബോൾ കോച്ചിങ്ങിലൂടെയാണ് ശ്വേത വോളിബോളിലെത്തുന്നത്.
വോളിബോൾ പരിശീലനത്തിനിടെ ഒമ്പത് മാസം മുമ്പാണ് ശ്വേത ബോക്സിങ്ങിലും ഒരു കൈ നോക്കാനിറങ്ങിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ (2020–-21) ചാമ്പ്യൻഷിപ്പിൽ 58 കിലോ വിഭാഗത്തിൽ വെങ്കലം നേടി. ഇത്തവണ ജൂനിയർ വിഭാഗത്തിൽ 66 കിലോ വിഭാഗത്തിൽ സ്വർണം ലഭിച്ചു.
വോളിബോളിൽ മിനി, സബ് ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലും ശ്വേത പങ്കെടുക്കുന്നുണ്ട്.
സ്പോർട്സ് ഡിവിഷൻ വോളിബോൾ പരിശീലകനായ പ്രമോദാണ് ബോക്സിങ് പരിശീലിക്കാൻ പ്രേരിപ്പിച്ചതെന്ന് ശ്വേത പറഞ്ഞു. സിജിനാണ് ബോക്സിങ് പരിശീലകൻ. കൂലിപ്പണിക്കാരനായ ശശിയുടെയും സുജിതയുടെയും മകളാണ് ശ്വേത.