സെപ്റ്റംബര്‍ 27ലെ ഹര്‍ത്താല്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍


മേപ്പയൂര്‍: ഭാരത ബന്ദിന്റെ ഭാഗമായി സെപ്റ്റംബര്‍ 27ന് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മേപ്പയൂര്‍ പഞ്ചായത്തില്‍ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ മേപ്പയൂര്‍ പഞ്ചായത്ത് സമിതി അഭ്യര്‍ത്ഥിച്ചു. പത്തു മാസമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രനിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

യോഗത്തില്‍ മുജീബ് കോമത്ത് അധ്യക്ഷനായിരുന്നു. ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു. വി.ഷൈജു, സി.എം സത്യന്‍, എം.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചിരുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി സെപ്റ്റംബര്‍ 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കാനും സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.