സൂപ്പിക്കടയിലെ നിപ ഉറവിടം പഴംതീനി വവ്വാല്‍ തന്നെ: ഐ.സി.എം.ആര്‍ നിഗമനങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: ചാത്തമംഗലം മുന്നൂര് നിപ ബാധിച്ച് ഒരു കുട്ടി മരിച്ചതിനു പിന്നാലെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ പുരോഗമിക്കവെ 2018ലെ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയുണ്ടായത് പഴംതീനി വവ്വാലില്‍ നിന്നുതന്നെയായിരുന്നെന്ന് ഐ.സി.എം.ആറിന്റെ കണ്ടെത്തല്‍.
സൂപ്പിക്കടയിലെ വവ്വാലുകളില്‍ കണ്ടെത്തിയ നിപ വൈറസിന്റെ ജനതക ഘടനയ്ക്ക് മനുഷ്യനില്‍ കണ്ടെത്തിയ വൈറസിന്റേതുമായി 99.7 ശതമാനം മുതല്‍ 100 ശതമാനംവരെ സാമ്യമുണ്ടെന്നായിരുന്നു 2019 മെയില്‍ പ്രസിദ്ധീകരിച്ച ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. 2018ല്‍ നിപ ബാധിച്ച നാലുപേരില്‍ നിന്നും സൂപ്പിക്കടയില്‍ നിന്ന് പിടികൂടിയ മൂന്ന് വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
2018 മെയില്‍ ചങ്ങരോത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പികളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന ഫലം വന്നത് വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ മെയ് മാസം പരിശോധന നടത്തിയത് മറ്റൊരു സ്പീഷിസില്‍ ഉള്‍പ്പെട്ട വൈറസുകളെ ആയിരുന്നെന്നും അതിനാലാണ് ഉറവിടം കണ്ടെത്താന്‍ വൈകിയതെന്നുമായിരുന്നു ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരുടെ വിശദീകരണം.
രണ്ടാംഘട്ട പരിശോധനയില്‍ ശേഖരിച്ച പഴംതീനി വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള 55 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായെന്നും അവര്‍ അറിയിച്ചിരുന്നു.