സുരക്ഷിതത്വത്തിന്റെ തണലിലേക്ക്; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടത്തി


പേരാമ്പ്ര: മഴ നനയാതെയും പേടി കൂടാതെയും ഇനിയവര്‍ക്ക് അന്തിയുറങ്ങാം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാന്‍മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച 45 വീടുകളുടെ പ്രഖ്യാപനമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു
ഇന്ന് നിര്‍വ്വഹിച്ചത്.

എസ്.ഇ.സി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട 130 പേര്‍ക്കാണ് 2020-21 വര്‍ഷത്തില്‍ വീട് അനുവദിച്ചിരുന്നത്. 86 ഗുണഭോക്താക്കളുടെ വീടുപണി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.ഇതില്‍ ഉള്‍പ്പെട്ട 45 കുടുംബങ്ങള്‍ക്കാണ് ഇന്ന് അവസാനഗഢു നല്‍കിയത്. ബാക്കി വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. പുതുതായി 106 വീടുകള്‍ക്ക് കൂടി ഈ മാസം ഏഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിക്കും.

ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.രജിത സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ പി.വി.ബേബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ശശി, വഹീദ പാറേമ്മല്‍, കെ.അജിത, പ്രഭാ ശങ്കര്‍, ജോയിന്റ് ബി.ഡി.ഒ.പി.ആര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ ബേബി ജോണ്‍ നന്ദി പറഞ്ഞു