സീഡ് ഫാമിന് സമീപം മരക്കാടി തോടിന്റെ വശങ്ങള്‍ കെട്ടുന്ന പ്രവൃത്തി ആരംഭിച്ചു


പേരാമ്പ്ര: കൃഷി വകുപ്പിന്റെ സീഡ് ഫാമിനുസമീപം മരക്കാടി തോടിന്റെ വശങ്ങള്‍ ഇടിഞ്ഞുതാഴ്ന്ന് മഴക്കാലത്ത് സമീപസ്ഥലങ്ങളിലേക്ക് വെള്ളംകയറുന്ന പ്രശ്‌നത്തിന് ഇനി പരിഹാരമാകും. മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വശങ്ങള്‍ കെട്ടിസംരക്ഷിക്കാന്‍ നടപടിയായി. 30 ലക്ഷം രൂപ വിനിയോഗിച്ച് 150 മീറ്ററാണ് കരിങ്കല്‍ഭിത്തി കെട്ടുക. ഈ ഭാഗത്ത് വെള്ളം കയറുന്ന പ്രശ്‌നം മാതൃഭൂമി കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സീഡ് ഫാമിനുസമീപം കല്ലില്‍താഴ ഭാഗത്താണ് തോടിന്റെ വശങ്ങള്‍ ഇടിഞ്ഞ് പറമ്പിലേക്ക് മഴക്കാലത്ത് വെള്ളം കയറാറുള്ളത്. തുടര്‍ച്ചയായി ശക്തമായ മഴപെയ്യുമ്പോള്‍ തോട് നിറഞ്ഞുകവിയും. സമീപത്തെ ചാലില്‍നിന്നുള്ള വെള്ളവും ചേര്‍ന്ന് അടുത്തുള്ള പറമ്പുകളിലേക്ക് നിറഞ്ഞൊഴുകും. തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യം പറമ്പിലും കുളത്തിലുമെത്താറുണ്ട്. വെള്ളമേറുമ്പോള്‍ കല്ലില്‍ വീട്ടുകാര്‍ക്ക് നടന്നുപോകാന്‍കൂടി പറ്റാത്ത അവസ്ഥയാകും.

സീഡ് ഫാമിന്റെ സ്ഥലത്ത് ഒരു ഭാഗം കരിങ്കല്‍കെട്ടി ഉയര്‍ത്തിയതോടെയാണ് ഏതാനും വര്‍ഷമായി വശങ്ങള്‍ കെട്ടാത്ത എതിര്‍ഭാഗത്തേക്ക് വെള്ളം കയറുന്നത്. അതിനുമുമ്പ് പാടശേഖരങ്ങളിലേക്കായിരുന്നു വെള്ളമൊഴുക്ക്. ഫാമിന്റെ സ്ഥലത്തുകൂടി ഒഴുകിയെത്തുന്ന ചാലില്‍നിന്ന് തോട്ടിലേക്ക് ഒഴുകുന്ന വെള്ളവും മുന്നോട്ടുള്ള ഒഴുക്ക് തടസ്സപ്പെട്ട് ഈ സമയത്ത് പറമ്പുകളിലേക്കാണ് ഒഴുകുക.

പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലൂടെയടക്കം കടന്നുപോകുന്നതാണ് മരക്കാടി തോട്. പേരാമ്പ്ര ടൗണ്‍ ഭാഗമുള്‍പ്പടെ പലയിടത്തും തോടിന്റെ വശങ്ങള്‍ കെട്ടിസംരക്ഷിച്ചിട്ടുണ്ട്. കെട്ടി സംരക്ഷിക്കാത്ത ഭാഗങ്ങളിലാണ് വെള്ളം സമീപസ്ഥലത്തേക്ക് പരന്നൊഴുകുന്നത്. തോടിന്റെ അവസാനഭാഗത്ത് കൈപ്രം പാടത്തും ഇതുകാരണം മാലിന്യം ഒഴുകിയെത്തുന്നുണ്ട്.