സി.പി.ഓയില്‍ നിന്ന് എസ്.ഐയിലേക്ക്; കെ.പി രതീഷിന്റെ വേര്‍പാടിലൂടെ സേനയ്ക്ക് നഷ്ടമായത് പൊലീസിന്റെ സൗമ്യ മുഖം
നാദാപുരം: ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച എസ്‌ഐ കെ പി രതീഷിന്റെ ആകസ്മിക വേര്‍പാടിലൂടെ നഷ്ടമായത് പൊലീസിന്റെ സൗമ്യ മുഖം. സിവില്‍ പൊലീസ് ഓഫീസറായിട്ടാണ് രതീഷ് സേനയില്‍ പ്രവേശിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ഗ്രേഡ് എസ്‌ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.
സൗമ്യമായ പെരുമാറ്റത്തിലൂടെ സഹപ്രവര്‍ത്തകരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വത്തിനുടമയാണ് രതീഷ്. നീണ്ട കാലത്തെ പോലീസ് സേനയിലെ ജോലിക്കിടയില്‍ തൊട്ടില്‍പ്പാലം, വളയം, നാദാപുരം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ നാദാപുരം കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്‌ഐയായിരുന്നു രതീഷ്.
നാദാപുരം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ഉന്നതോദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തില്‍, വടകര നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍, വടകര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായില്‍, നാദാപുരം സിഐ ഇ വി ഫായിസ് അലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, രഷ്ട്രീയ പാര്‍ടി നേതാക്കളായ സി എച്ച് മോഹനന്‍, സി വി കുഞ്ഞികൃഷ്ന്‍, സി കെ നാസര്‍, കെ കെ രഞ്ജിത്ത് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പാതിരിപ്പറ്റ മീത്തലവയലിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.