സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം: മുഖ്യപ്രതിയടക്കം നാലുപേര്‍ കസ്റ്റഡിയില്‍


തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു, നന്ദു, പ്രമോദ്, ഫൈസല്‍ എന്നിവരെയാണ് പിടികൂടിയത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടിച്ചത്.

ജിഷ്ണുവിന്റെ അയല്‍വാസി കൂടിയായ ജിഷ്ണുവാണ് കേസിലെ മുഖ്യപ്രതി. ഫൈസല്‍ കണ്ണൂര്‍ സ്വദേശിയാണ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കമാണ് പ്രതികളെ പിടികൂടിയത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദീപിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്ത് നില്‍ക്കുകയായിരുന്ന സന്ദീപിനെ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ സമീപത്തെ വയലില്‍ കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തിലും നെഞ്ചിലും കുത്തേറ്റ് ഓടിയ സന്ദീപിനെ പിന്നാലെ ചെന്ന് അക്രമി സംഘം വീണ്ടും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രദേശത്തെ ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.