സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് നാളെ; ആരാകും കൊയിലാണ്ടിയിൽ


കോഴിക്കോട്: ജില്ലയിലെ സ്ഥാനാർഥിനിർണയത്തിനായി ബുധനാഴ്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. മന്ത്രിമാരായ ഇ.പി.ജയരാജൻ, ടി.പി.രാമകൃഷ്ണൻ എന്നിവരും എളമരം കരീം എം.പി.യും യോഗത്തിൽ പങ്കെടുക്കും. ജില്ലാസെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാനസെക്രട്ടേറിയറ്റിനെ അറിയിക്കും.

ജില്ലയിൽ രണ്ടുതവണയിലേറെ മത്സരിച്ച അഞ്ച് എം.എൽ.എ.മാരാണ് ഉള്ളത്. ഇതിൽ ആർക്കെങ്കിലും വീണ്ടും അവസരം നൽകണോ എന്നതിൽ ജില്ല സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.

കൊയിലാണ്ടിയിൽ നിന്നുള്ള കെ.ദാസൻ, കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നുള്ള എ.പ്രദീപ്കുമാർ, തിരുവമ്പാടിയിൽനിന്ന് ജോർജ് എം. തോമസ്, ബാലുശ്ശേരി മണ്ഡലത്തിൽനിന്നുള്ള പുരുഷൻ കടലുണ്ടി എന്നിവരാണ് തുടർചയായി രണ്ട് തവണ വിജയിച്ചവർ. എ.പ്രദീപ് കുമാർ മൂന്ന് തവണ എം.എൽ.എ ആയി. ബേപ്പൂരിൽ വി.കെ.സി. മമ്മദ്കോയ എം.എൽ.എ.യുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷമേ തീരുമാനമുണ്ടാകൂ. പേരാമ്പ്രയിൽ മന്ത്രി ടി.പി.രാമകൃഷ്ണന് ഒര് അവസരം കൂടി നൽകാനാണ് സാധ്യത.

കൊയിലാണ്ടി മണ്ഡലത്തിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തിയ കെ.ദാസന് ഇനി അവസരം ലഭിക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. രണ്ട് തവണ എം.എൽ.എ ആയപ്പോഴും ജനകീയ ഇടപെടലുകൾക്ക് യാതൊരുകോട്ടവും തട്ടിയിട്ടില്ലെന്ന് കെ.ദാസൻ തെളിയിച്ചിട്ടുണ്ട്. യുഡിഎഫിന് സ്വാധീനമുള്ള മണ്ഡലത്തിൽ നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്നവർക്കു മാത്രമേ വിജയ സാധ്യതയുള്ളൂ.