സിസ്റ്റര്‍ ലിനിയുടെ ഓര്‍മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ഭര്‍ത്താവ് സജീഷ്


പേരാമ്പ്ര: നിപ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മരണപ്പെട്ട പേരാമ്പ്ര സ്വദേശിനിയായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ ദിനത്തില്‍ ഭര്‍ത്താവ് സജീഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിനാണ് തുക കൈമാറിയത്.

കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്നണി പോരാട്ടത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായ ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനിയുടെ ജീവിതം.