സിവില്‍ സര്‍വ്വീസിലെ ഉന്നത വിജയം: വടകരയുടെ സ്വന്തം മിഥുന് അഭിനന്ദന പ്രവാഹം; ഉറങ്ങാതെ കൈലാസം വീട്
വടകര: വടകര എടോടി നഗരസഭാ പാർക്കിനു സമീപത്തെ കൈലാസം വീട് വെള്ളിയാഴ്ച ഉറങ്ങിയില്ല. സിവിൽ സർവീസസ് പരീക്ഷയിൽ 12-ാം റാങ്ക് നേടിയ മിഥുൻ പ്രേംരാജിനെത്തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു രാത്രി വൈകുംവരെ. ഫലം പ്രഖ്യാപിച്ച് അല്പസമയങ്ങൾക്കുള്ളിൽത്തന്നെ മിഥുനും പിതാവ് ഡോ. പ്രേംരാജും അമ്മ ബിന്ദുവുമെല്ലാം റാങ്ക് വിവരം അറിഞ്ഞിരുന്നു.
ആഹ്ലാദവാർത്ത പെട്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ നാടാകെ പരന്നു. പിന്നെ ഫോണുകൾക്ക് വിശ്രമമുണ്ടായില്ല. എട്ടുമണിയോടെ വീട്ടിലേക്ക് നേരിട്ടും ആളുകളെത്തിത്തുടങ്ങി. ആദ്യം മാധ്യമപ്രവർത്തകർ, പിന്നാലെ പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളും. രാത്രി വൈകുംവരെ ഇത് തുടർന്നു.
അഞ്ചാമത്തെ പരിശ്രമത്തിലാണ് വടകരയിലെ ഡോ. മിഥുന് പ്രേംരാജ് സിവില്‍ സര്‍വീസ് സ്വന്തമാക്കിയത്. 2015 ല്‍ മെഡിസിന് പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഐഎഎസ് ആയിരുന്നു മനസില്‍. മുമ്പത്തെ നാല് ശ്രമങ്ങളില്‍ മൂന്ന് തവണ ഇന്റര്‍വ്യൂ ഘട്ടത്തില്‍ എത്തിയിരുന്നു. ഏറെ പരിശ്രമത്തിനു ശേഷം സ്വപ്നം യാഥാര്‍ഥ്യമായതില്‍ ആശ്വാസവും സന്തോഷവുമുണ്ടന്ന് മിഥുന് പ്രേംരാജ് പറഞ്ഞു. ഓൾ ഇന്ത്യ ലെവലിൽ 12-ാം റാങ്കാണ് മിഥുൻ കരസ്ഥമാക്കിയത്.
വടകരയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം ഡോ. പ്രേംരാജിന്റെയും ബിന്ദുവിന്റെയും മകനാണ് മിഥുന്. സഹോദരി അശ്വതി പ്രേംരാജും ഡോക്ടറാണ്. പോണ്ടിച്ചേരി ജിപ്മറില് നിന്ന് എംബിബിഎസ് നേടിയ ശേഷം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. സിവില്‍ സര്‍വീസിനു പരിശ്രമിക്കുന്നതിനിടയില്‍ കരാര്‍ പ്രകാരം കോഴിക്കോട് കോര്‍പറേഷനിലും വടകര ജില്ലാ ആശുപത്രിയിലും ഡോക്ടറായി കുറച്ചുകാലം ജോലി ചെയ്തു.
സിവില്‍ സര്‍വീസ് അഭിമുഖത്തിന് തയ്യാറെടുക്കുന്നതിനുമുമ്പ് ഈ വര്‍ഷം ആദ്യം ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി നോക്കി. സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ക്കായി തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിംഗ് സെന്ററിനെയാണ് മിഥുന് പ്രേംരാജ് പ്രധാനമായും ആശ്രയിച്ചത്.