സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിലേക്ക്; പി.എസ്.സി പരീക്ഷയില്‍ എട്ടാം റാങ്ക് കരസ്ഥമാക്കി കായണ്ണ സ്വദേശിനി


പേരാമ്പ്ര: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിയകിയലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ എട്ടാം റാങ്ക് കരസ്ഥമാക്കി കായണ്ണ സ്വദേശിനി ആരതി എന്‍.എസ്. 2020 ജനുവരിയില്‍ നടന്ന പരീക്ഷയില്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് ആരതി മിന്നുന്ന വിജയം കരസ്ഥമാക്കിയത്. നിലവില്‍ വടകര സിവില്‍ സപ്ലൈസിലെ ഉദ്യോഗസ്ഥയാണ് ആരതി.

പ്ലസ് ടു പഠനത്തിന് ശേഷം 2014ല്‍ ആണ് ആരതി മാലാപ്പറമ്പിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ട്രെയിനിംഗ് സെന്ററില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിന് ചേര്‍ന്നത്. രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം ഡിഗ്രിക്ക് ചേര്‍ന്ന ആരതി ഒപ്പം പി.എസ്.സി പരീക്ഷയ്ക്കും തയ്യാറെടുത്തു. മൂന്ന് വര്‍ഷത്തോളം പരിശീലനം നടത്തിയ ആരതിയ്ക്ക് സിവില്‍ സപ്ലൈസ് വകുപ്പില്‍ ആദ്യം ജോലി ലഭിച്ചു. ജോലി കിട്ടിയപ്പോഴും പരിശീലനം തുടര്‍ന്നതാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിയകിയലേക്ക് നടന്ന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ ആരതിയെ സഹായിച്ചത്.

കായണ്ണയിലെ നമ്പ്രത്തുമ്മല്‍ ശശിയുടെയും രമയുടെയും മകളാണ്. ആദര്‍ശ് സഹോദരനാണ്. കുടുംബത്തോടൊപ്പം വല്യച്ഛന്റെ മകനും പേരാമ്പ്ര എക്‌സൈസിലെ ഓഫീസറുമായ ഷൈജുവും പ്രതിശ്രുത വരന്‍ രധിന്‍ രാജും ഒപ്പം സുഹൃത്തുക്കളും തനിക്ക് ഒരുപാട് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ആരതി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.