സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം 10 ന്


തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക മാർച്ച് 10ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയിൽ എത്തും. ജില്ല കമ്മറ്റികൾ നൽകിയ പട്ടികയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് വരുത്തിയ മാറ്റങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.

തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഇത്തവണ ഒഴിവാക്കണം എന്ന സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകേണ്ടത് സംസ്ഥാന സമിതിയാണ്. ശേഷം ജില്ല കമ്മറ്റികൾ യോഗം ചേർന്ന് മാർച്ച് 8 ന് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകുക. 10 ന് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

രണ്ട് ടേം കർശ്ശനമാക്കണമെന്ന സെക്രട്ടറിയേറ്റ് നിർദേശത്തിൽ സംസ്ഥാന സമിതി എന്ത് തീരുമാനമെടുക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ചിലക്ക് ഇളവ് അനുവദിക്കണോ എന്നും ചർച്ച ചെയ്യും. തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ 5 മന്ത്രിമാരും സ്പീക്കറും ഉൾപ്പടെ 23 സിപിഎം എംഎൽഎ മാർ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല.