സിഗ്നല്‍ ആപ്പ് അറിയേണ്ടതെല്ലാം
ഫെബ്രുവരി 8 മുതല്‍ നിലവില്‍ വരുന്ന വാട്സ് ആപ്പിന്റെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും പ്രകാരം തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറും എന്ന ഭീതി ഉപഭോക്താക്കള്‍ക്കിടയില്‍ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് പലരും ബദല്‍ ആപ്പുകള്‍ തേടിപോയി. ഉപയോക്താക്കളുടെ കൊഴിഞ്ഞ് പോക്കും പുത്തന്‍ സേവന നിബന്ധനകളെയും സ്വകാര്യതാ നയത്തെ കുറിച്ചുമുള്ള വിവാദങ്ങളും രൂക്ഷമായതോടെ വാട്സ് ആപ്പ് വിശദീകരണവുമായി രംഗത്തെത്തി. വ്യക്തിപരമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടില്ല എന്നും, ബിസിനസ്സ് അക്കൗണ്ടുകള്‍ മാത്രമാണ് ആ രീതിയില്‍ ഉപയോഗിക്കുക എന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ വാട്സ് ആപ്പിന്റെ വിശദീകരണത്തില്‍ തൃപ്തരല്ല ഉപയോക്താക്കള്‍. അതിനാലാണ് ഓപ്പണ്‍ സോഴ്സ് പ്രോട്ടോകോളില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നെലിന് ജനങ്ങള്‍ക്കിടയില്‍ ഇത്ര സ്വീകാര്യത ലഭിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഏറ്റവും മുന്‍നിരയിലാണ് സിഗ്നല്‍ ആപ്പ്.
അമേരിക്കന്‍ സ്ഥാപനമായ സിഗ്നല്‍ ഫൗണ്ടേഷന്, സിഗ്നല്‍ മെസ്സഞ്ചര്‍ എല്‍എല്‍സി എന്നിവയുടെ സന്തതിയാണ് സിഗ്നല്‍ ആപ്പ്. വാട്ട്സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടണും മാർലിൻസ്പൈക്കും ചേർന്നാണ് സിഗ്നൽ ഫൗണ്ടേഷൻ സൃഷ്ടിച്ചത്. 2014 ല്‍ ആണ് സിഗ്നല്‍ ആപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന അതെ സമയം കൂടുതല്‍ സുരക്ഷിതമായ ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് സിഗ്നല്‍ വാട്സാപ്പിന് വെല്ലുവിളിയാവുന്നത്. ഉപഭോക്താക്കളുടെ കോണ്ടാക്റ്റ് ഇന്‍ഫോ മാത്രമേ സിഗ്നല്‍ ആപ്പ് സ്വീകരിക്കൂ എന്ന് ആപ്പിന്റെ പ്രൈവസി പോളിസിയില്‍ പറയുന്നു. ആപ്പിലൂടെ നടക്കുന്ന എല്ലാ കൈമാറ്റങ്ങള്‍ക്കും ഓപ്പണ്‍-സോഴ്സ് സിഗ്നല്‍ പ്രോട്ടോകോള്‍ ആണ് സിഗ്നലില്‍. ഒപ്പണ്‍ സോഴ്സ് കോഡ് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. അതിനാല്‍ തന്നെ ഒരു തരത്തിലുമുള്ള രഹസ്യ ഇടപെടലിനും സാധ്യതയില്ല.
എന്ക്രിപ്റ്റടായി മേസേജുകള്‍ അയക്കാനും സിഗ്നല്‍ ആപ്പ് ഉപയോഗിക്കാം. മൊബൈല്‍ നമ്പര്‍, ലാന്ഡ്ഫോണ് നമ്പര്‍, വോയിസ് ഒവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് സിഗ്നലില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. സീല്‍ഡ് സെന്റര്‍ എന്ന സംവിധാനത്തിലൂടെ സന്ദേശങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുന്നുമുണ്ട് സിഗ്നല്‍. ഗ്രൂപ്പ് കോളുകളും സിഗ്നലില്‍ എന്ക്രിപ്റ്റടായിരിക്കും.
പൊതു ഫണ്ടിങ്ങിലൂടെ ലാഭേച്ചയില്ലാതെയാണ് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നത്. ഫെയിസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് പ്രവര്‍ത്തിക്കുന്നത് ലാഭം മുന്‍ നിര്‍ത്തിയാണ്. ഒരു ഉപയോക്താവിന്റെ ഡിവൈസിലെ ഐഡി, യൂസര്‍ ഐഡി, എന്നിവയ്ക്കൊപ്പം പര്‍ച്ചേസ് ഹിസ്റ്ററി, ലൊക്കേഷന്‍, ഇമെയില്‍, കോണ്‍ടാക്സ് തുടങ്ങിയ ഒട്ടേറെ വ്യക്തിപരമായ വിവരങ്ങളാണ് വാട്സ് ആപ്പ് നമ്മളില്‍ നിന്നും ശേഖരിക്കുന്നത്. എന്നാല്‍ സിഗ്നല്‍ ശേഖരിക്കുന്നത് ഫോണ്‍ നമ്പര്‍ മാത്രമാണ്.
മെസേജുകളെല്ലാം ഏന്‍ഡ്-റ്റു-ഏന്‍ഡ് എന്ക്രിപ്റ്റടാണ്. അതിനാല്‍ തന്നെ സ്വീകര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും മെസേജുകള്‍ വായിക്കാന്‍ സാധ്യമല്ല. ഉപയോക്താവിന്റെ ഡാറ്റകള്‍ ഒന്നും തന്നെ അവര്‍ സെര്‍വറുകളില്‍ സൂക്ഷിച്ച് വെക്കുന്നില്ല.
നിങ്ങളുടെ ഐപാഡിലോ ലാപ്ടോപ്പിലോ സിഗ്നൽ ഉപയോഗിക്കാം, കൂടാതെ നിങ്ങളുടെ ഫോണിലെ അക്കൗണ്ടിലേക്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനും കഴിയും. എന്നാൽ നിങ്ങൾ ലിങ്ക് ചെയ്യുമ്പോൾ ചാറ്റ് ഹിസ്റ്ററി കൈമാറില്ല. നിങ്ങളുടെ ഫോണിലോ അല്ലെങ്കിൽ സിഗ്നൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണത്തിലോ ആണ് ചാറ്റ് ഹിസ്റ്ററി ശേഖരിക്കുക എന്നതിനാലാണിത്. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്കുന്നതിനാല് വാട്സ് ആപ്പിലുള്ളതുപോലെ സ്റ്റാറ്റസ്, ലാസ്ററ് സീന്‍ എന്നീ ഫീച്ചറുകള്‍ സിഗ്നെലില് ലഭ്യമല്ല. അതെ സമയം ജനപ്രീയ ഫീച്ചറുകള്‍ തീരെയില്ലാത്ത ആപ്പും അല്ല സിഗ്നല്‍. വാട്സാപ്പിലെ ജനപ്രീയമായ 15 ഫീച്ചറുകള്‍ സിഗ്നലിലുമുണ്ട്. അവ ഏതൊക്കെയെന്ന് ചുവടെ ചേര്‍ക്കുന്നു.
1. ഫിംഗര്‍പ്രിന്റ്, ടച്ച് ഐഡി, ഫേസ് ഐഡി എന്നിവ ഉപയോഗിച്ച് സിഗ്നല്‍ ലോക്ക് ചെയ്യാന്‍ സാധിക്കും.
2 . സിഗ്നലിലും ഗ്രൂപ്പുകള്‍ നിര്‍മ്മിക്കാം.
3 . വാട്സാപ്പ് കോളിന് സമാനമായി സിഗ്നല്‍ കോളുകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിളിക്കാം.
4 . വാട്സ്ആപ്പില്‍ കഴിഞ്ഞ വര്‍ഷമെത്തിയ ഡാര്‍ക്ക് മോഡ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിഗ്നലില്‍ ലഭ്യമാണ്.
5 . മള്‍ട്ടീമീഡിയ കൈമാറ്റം – ചിതങ്ങള്‍, വീഡിയോ, ജിഐഎഫ്, പിഡിഎഫ് എന്നിങ്ങനെ മള്‍ട്ടീമീഡിയ കണ്ടന്റുകള്‍ സിഗ്നലിലൂടെ കൈമാറാം.
6 . ഓഡിയോ മെസ്സേജുകള്‍ അയക്കാം.
7 . പ്രാധാന്യമുള്ള ചാറ്റുകള്‍ പിന് ചെയ്തു വയ്ക്കാം.
8 . ഏന്‍ഡ്-റ്റു-ഏന്‍ഡ് എന്‍ക്രിപ്ഷന്‍ – വാട്സാപ്പില്‍ മെസ്സേജുകളും കോളുകളും എന്‍ക്രിപ്റ്റഡ് ആണ്. അതായത് രണ്ടാള് തമ്മിലുള്ള ഡേറ്റ കൈമാറ്റം അവര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ. ഇതേ രീതിയാണ് സിഗ്നലിലും.
9 . വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച തനിയെ അപ്രത്യക്ഷമാവാവുന്ന മെസ്സേജുകള്‍ പോലുള്ള ഫീച്ചറുകള്‍ 2016 മുതല്‍ തന്നെ സിഗ്നലില്‍ ലഭ്യമാണ്.
10 . വാട്സാപ്പ് വെബ്ബിന് സമാനമായി സിഗ്നലും ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാം. ബ്രൗസറില്‍ തന്നെ വാട്സാപ്പ് വിന്‍ഡോ തുറക്കുകയും ചെയ്യാം. പക്ഷെ സിഗ്നലില്‍ ഇതിനായി പ്രത്യേകം ഡെസ്ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
11. ചാറ്റുകള്‍ ആര്‍കൈവ് ചെയ്യാം – ഉപയോക്താക്കള്‍ക്ക് ചില ചാറ്റുകള്‍ സ്ക്രീനില്‍ മറച്ചുവയ്ക്കണം എങ്കില്‍ അവര്‍ക്ക് ചാറ്റുകള്‍ ആര്‍ക്കൈവുചെയ്യാന്‍ കഴിയും.
12. ഗ്രൂപ്പ് ചാറ്റുകളില്‍ ഒരാള്‍ക്ക് കൃത്യമായി സന്ദേശം കൈമാറാന്‍ @ ഉപയോഗിച്ചുള്ള ടാഗ്ഗിങ്.
13. ബ്രോഡ്കാസ്റ്റ് മീഡിയ – വാട്സാപ്പ് പോലെ തന്നെ ബ്രോഡ്കാസ്റ്റിലൂടെ വിവിധ ഗ്രൂപ്പുകളിലെ ചാറ്റുകളില്‍ ഒരേ സമയം ഒന്നിലധികം കോണ്‍ടാക്റ്റുകളിലേക്ക് മീഡിയ ഫയലുകള്‍ അയയ്ക്കാന്‍ സിഗ്നല്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.
14. വാട്സാപ്പിന് സമാനമായി മെസ്സേജ് ഫോര്‍വേഡ് ചെയ്യാം.
15. വാട്സ്ആപ്പിന് സമാനമായി റീഡ് റെസിപ്റ്റ്സ് (രണ്ട് ടിക്ക് മാര്‍ക്ക്) സംവിധാനം സിഗ്നലിലുമുണ്ട്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക