സായികുമാറിന് പകരക്കാരനായി അദ്ദേഹം നിര്‍ദേശിച്ചു; അന്വേഷിച്ച് കണ്ടെത്തിയത് രഞ്ജി പണിക്കര്‍; റിസബാവയെ സിനിമയില്‍ കൊണ്ടുവന്നത് ഓര്‍ത്തെടുത്ത് ഷാജി കൈലാസ്


ലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ നടന്‍ റിസബാവ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ. പശുപതി എന്ന ചിത്രത്തിലൂടെയാണ് റിസബാവ മലയാള സിനിമയിലേക്ക് എത്തുന്നത്. നടന്‍ സായികുമാറാണ് റിസബാവയെന്ന നടനെ തനിക്കു പരിചയപ്പെടുത്തിയതെന്നാണ് സംവിധായകന്‍ ഷാജി കൈലാസ് ഓര്‍ത്തെടുക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ റിസബാവയെ അനുസ്മരിക്കവെയാണ് ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.

ഡോ. പശുപതിയില്‍ പപ്പന്‍ എന്ന കഥാപാത്രമായായിരുന്നു റിസബാവയുടെ തുടക്കം. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി സായികുമാറിനെയാണ് തീരുമാനിച്ചിരുന്നത്. പക്ഷേ സിനിമ തുടങ്ങാറായപ്പോള്‍ അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണെന്നും അതിനാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചു. പകരം മറ്റൊരാളെ സെലക്ട് ചെയ്തു തരാമെന്നും പറഞ്ഞു. അങ്ങനെയാണ് റിസബാവയുടെ പേര് നിര്‍ദേശിച്ചതെന്ന് ഷാജി കൈലാസ് പറയുന്നു.

റിസബാവയെ അന്വേഷിച്ച് രഞ്ജിപണിക്കര്‍ പോയ കഥയും ഷാജി കൈലാസ് ഓര്‍ത്തെടുക്കുന്നു.

‘ആലപ്പുഴയില്‍ ഉള്‍പ്രദേശത്ത് ഒരു ക്ഷേത്രത്തില്‍ നാടകം അവതരിപ്പിക്കുകയായിരുന്നു റിസബാവ. അവിടെ തേടി പിടിച്ച് എത്തി രാത്രി 12 മണിയ്ക്കാണ് അദ്ദേഹത്തെ കണ്ടുപിടിച്ചത്. അവിടെ നിന്ന് തന്നെ രഞ്ജി എന്നെ വിളിച്ചു. ‘ഷാജീ ആള് കറക്ടാണ് . സ്വാതി തിരുനാളിന്റെ വേഷമാണ് പുള്ളി നാടകത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മീശയൊന്നുമില്ല, ക്ലീന്‍ ഷേവാണ്’ എന്നും പറഞ്ഞു. രണ്ടുദിവസത്തിനകം രഞ്ജി പുള്ളിയെയും കൊണ്ടുവന്നു.’ ഷാജി കൈലാസ് ഓര്‍ക്കുന്നു.

31 വര്‍ഷമായി അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിച്ചിട്ടെന്നും ഷാജി കൈലാസ് പറയുന്നു. ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് റിസബാവ അന്തരിച്ചത്. നടന്‍ എന്നതിനു പുറമേ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.