സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരത്ത് ബേക്കറി വ്യാപാരി ആത്മഹത്യ ചെയ്തു


തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കടക്കെണിയിലായ വ്യാപാരി ആത്മഹത്യ ചെയ്തു. തെക്കേപ്പള്ളിക്കടുത്ത് ബേക്കറി നടത്തുകയായിരുന്ന മുരുകനാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ലോക് ഡൗണില്‍ കച്ചവടം നടക്കാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബാലരാമപുരം തെക്കേപ്പള്ളിക്കടുത്ത് ശ്രീനന്ദന എന്ന പേരില്‍ ബേക്കറി നടത്തുകയായിരുന്ന മുരുകനാണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്തത്. ബാലരാമപുരം ശാലിയഗോത്രത്തെരുവിലെ വീടിന് പിന്നിലുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് രാവിലെ മൃതദേഹം കണ്ടത്. ബാലരാമപുരം ഉച്ചക്കടയില്‍ ബേക്കറി തൊഴിലാളിയായിരുന്ന മുരുകന്‍ എട്ടുമാസം മുമ്പാണ് സ്വന്തം ബേക്കറി തുടങ്ങിയത്. വീടുവച്ചതിലും ബേക്കറി തുടങ്ങിയതിലുമായി നാലുലക്ഷം രൂപ കടമുണ്ടായിരുന്നു. ലോക് ഡൗണായതോടെ കച്ചവടം തീര്‍ത്തും കുറഞ്ഞു. ഇതിന്‍റെ മാനസിക വിഷമത്തിലായിരുന്നു മുരുകനെന്ന് ഭാര്യ പറഞ്ഞു.

നാല്‍പ്പതു വയസുണ്ടായിരുന്ന മുരുകന് നാലുവയസുള്ള മകളുമുണ്ട്. മകള്‍ ശ്രീനന്ദനയുടെ പേരുതന്നെയായിരുന്നു ബേക്കറിക്കും ഇട്ടത്. ലോക്ഡൗണ്‍ ദുരിതം മൂലം ഒരു മാസത്തിനിടെ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെയാളാണ് മുരുകന്‍.