സസ്യങ്ങളെ കൂടെകൂട്ടി ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന അരിക്കുളത്തെ സി.രാഘവനെ ആദരിച്ചു


അരിക്കുളം: വനമിത്ര പുരസ്‌കാര ജേതാവ് സി രാഘവനെ അരിക്കുളം പഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ബിനി. കെ. ഉപഹാരം നല്‍കി. അരികുളത്തും സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാഹം, ഗൃഹപ്രവേശനം പോലുള്ള ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കി കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുന്ന വ്യക്തിയാണ് മുന്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റായ സി രാഘവന്‍.

ജോലി ചെയ്ത് മുഴുവന്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മ്മിക്കാനും പരിചരിക്കാനും ജോലിത്തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ നടപ്പിലാക്കിയ ഒരു തൈ നടുമ്പോള്‍ പദ്ധതിപ്രകാരം വിവിധ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നതില്‍ രാഘവന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ നാടിനെ ഹരിതാഭമാ ക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വനം വന്യജീവി വകുപ്പ് 2021ലെ വനമിത്ര പുരസ്‌കാരം ലഭിച്ചു.

ശിശുദിനത്തില്‍ വാര്‍ഡ് തലത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സി.രാഘവന്‍, ഷൈനി കെ.എം എന്നിവര്‍ വിതരണം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.വി.എം .ബഷീര്‍, എന്‍.പി ബാബു, ശശീന്ദ്രന്‍ പി, തങ്കമണി ദീപാലയം, ഷിജ കെ.എം, ബബിതഎന്‍.വി.എം, കാസിം എം.എ, രാജന്‍.സി, കെ.എം. ഷൈനി, സി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.