സസ്‌പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും, ഡി.സി.സി ഓഫീസില്‍ കയറാന്‍ ആളുകള്‍ ഇനി ഭയക്കുമെന്നും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍


തിരുവനന്തപുരം: തന്നെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിനോട് രൂക്ഷമായി പ്രതികരിച്ച് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാർ. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പറഞ്ഞു.

പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്. ഗ്രൂപ്പിനതീതമായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കുമോ. കോൺഗ്രസിലെ പൂരം നാളെ തുടങ്ങും. കാണാനിരിക്കുന്നത് ഇപ്പോൾ പറഞ്ഞറിയിക്കുന്നില്ലെന്നും അനിൽ കുമാർ പ്രതികരിച്ചു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തത്.
കോൺഗ്രസ് ഹൈക്കമാൻഡാണ് കേരളത്തിലെ പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിച്ചത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഡി.സി.സി പ്രസിഡന്‍റുമാരുടെ അന്തിമ പട്ടികക്ക് ഹൈകമാൻഡ് അംഗീകാരം നൽകിയത്.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. സുധാകരൻ, പ്ര​തി​പ​ക്ഷ​ നേ​താ​വ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആണ് ചർച്ചകൾ നടത്തിയത്.