സല്യൂട്ട് ക്യാപ്‌റ്റൻ; കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും മരണത്തിന് കീഴങ്ങി


ബെംഗളൂരു: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. വരുൺ സിങ് അന്തരിച്ച വിവരം വ്യോമസേന സ്ഥിരീകരിച്ചു.

സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും അടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനയുടെ ഹെലികോപ്റ്ററാണ് ഡിസംബർ എട്ടിന് തമിഴ്നാട്ടിൽ ഊട്ടിയ്ക്ക് സമീപം കൂനൂരിൽ തകർന്നു വീണത്. അപകടം നടന്ന ദിവസം തന്നെ വരുൺ സിങ് ഒഴികെയുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരുന്നു. അതീവഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിനെ വെല്ലിങ്ടണിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.

80 ശതമാനത്തിലധികം പൊള്ളലേറ്റതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ജീവനുവേണ്ടി മല്ലടിക്കുകയായിരുന്നു വരുൺ സിങ്. വരുൺ സിങിൻ്റെ പിതാവും വിരമിച്ച സൈനികനുമായ കെ പി സിങ് അടക്കമുള്ളവരും ആശുപത്രിയിലുണ്ടായിരുന്നു. നില ഗുരുതരമായി തുടരുകയാണെങ്കിലും വരുൺ സിങ് മരുന്നകുളോടു പ്രതികരിക്കുന്നുണ്ടെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചരുന്നത്.