സര്‍വ്വീസ് നടത്താന്‍ കഴിയുന്നത് അഞ്ഞൂറില്‍ താഴെ മാത്രം: ഇന്നലെ നിരത്തിലിറങ്ങിയത് 10% ബസുകള്‍ മാത്രം
കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടുകൂടി ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഇന്നലെ സര്‍വീസ് നടത്തിയത് 10 ശതമാനത്തില്‍ താഴെ ബസുകള്‍ മാത്രം. സര്‍വീസ് നടത്തിയ ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇന്നും നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍ ആയതിനാല്‍ സര്‍വീസ് ഉണ്ടാകില്ല. യാത്രക്കാര്‍ ഉണ്ടാകില്ലെന്ന നിഗമനത്തിലാണു ബസുടമകള്‍ സര്‍വീസുകള്‍ കുറച്ചത്. ജില്ലയില്‍ സ്റ്റോപ് മെമ്മോ നല്‍കാത്ത, സര്‍വീസ് നടത്താന്‍ കഴിയുന്ന ബസുകള്‍ ഇപ്പോഴുള്ളത് അഞ്ഞൂറില്‍ താഴെയാണ്.
ഇതില്‍ ഏതാണ്ട് അന്‍പതോളം ബസുകള്‍ മാത്രമാണ് ഇന്നലെ സര്‍വീസ് നടത്തിയത്. ഇന്നലെ ഒറ്റയക്ക നമ്പറിലുള്ള ബസുകള്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ എന്നായിരുന്നു നിര്‍ദേശമെങ്കിലും സര്‍വീസ് നടത്തിയ ഇരട്ടയക്ക നമ്പറുള്ള ബസുകള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ നിലവിലുള്ള ബസുകളില്‍ പകുതി മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് ഉദ്ദേശിച്ചാണ് ഒറ്റ, ഇരട്ടയക്ക നിയന്ത്രണം.
എന്നാല്‍, നിലവിലുള്ള ബസുകളുടെ 10% പോലും സര്‍വീസ് നടത്താത്ത സാഹചര്യത്തിലാണ് ഇരട്ടയക്ക നമ്പര്‍ ബസുകള്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ന് ട്രാഫിക് എസി പി.കെ.രാജു പറഞ്ഞു. കോവിഡിന്റെ ഒന്നാം വരവിനു മുന്‍പ് ജില്ലയില്‍ 1260 ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ 760 ബസുകളായി കുറഞ്ഞു. എന്നാല്‍ കോവിഡിന്റെ രണ്ടാം വരവിനു ശേഷം ഇപ്പോഴുള്ളത് 460 ബസുകള്‍ മാത്രമാണ്.