സര്‍ഗ്ഗസ്പര്‍ശം; പേരാമ്പ്രയില്‍ വായനാ വാരത്തില്‍ വായനോത്സവം സംഘടിപ്പിക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും പേരാമ്പ്ര ബി.ആര്‍.സി യുടെയും സംയുക്താഭിമുഖ്യത്തില്‍ വായനാ വാരത്തോടനുബന്ധിച്ച് വായനോത്സവം സംഘടിപ്പിക്കുന്നു. ‘സര്‍ഗ്ഗ സ്പര്‍ശം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി 2021ജൂണ്‍ 19 മുതല്‍ 25 വരെയാണ് നടക്കുക.
എല്‍.പി, യു.പി, എച്ച്എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. വായനാ ക്കുറിപ്പ്, ആശയ ചിത്രീകരണം, ആസ്വാദനക്കുറിപ്പ്, കഥാപാ ത്രാവിഷ്‌ക്കാരം, കാവ്യാ ലാപനം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
എല്‍.പി വിഭാഗത്തിന് വായനാക്കുറിപ്പ്, കഥാപാത്ര ചിത്രീകരണം എന്നിവയും യു.പി വിഭാഗത്തിന് പുസ്തകാസ്വാദനം, കഥാപാത്രാവിഷ്‌ക്കാരം, കവിതാലാപനം എന്നിവയും ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക്ആസ്വാദനക്കുറിപ്പ്, കവിതാലാപനം എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ജൂണ്‍ 19 ന് തുടങ്ങുന്ന പരിപാടികള്‍ പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.
ബി.പി.സി വിപി നിത, എ.ഇ.ഒ ലത്തീഫ് കരയത്തൊടി, കെ.സത്യന്‍, എ.കെ.രജീഷ്, സുരേന്ദ്രന്‍ പുത്തഞ്ചേരി, എന്‍.എല്‍.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ശശികുമാര്‍ പേരാമ്പ്ര ചെയര്‍മാനും, വി.പി.നിത ടീച്ചര്‍ ജനറല്‍ കണ്‍വീനറും കെ.സത്യന്‍ മാസ്റ്റര്‍ കണ്‍വീനറുമായി തീരുമാനിച്ചു.