സര്‍ക്കാര്‍ ഓഫീസുകളിലെ കള്ളന്‍ പിടിയില്‍; കൂടരഞ്ഞി സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു


കോഴിക്കോട് : സര്‍ക്കാര്‍ ഓഫീസുകളില്‍ മോഷണം പതിവാക്കിയ കൂടരഞ്ഞി സ്വദേശി തിരുവമ്പാടി പൊലീസിന്റെ പിടിയിലായി. മുപ്പത്തിയെട്ട് വയസ്സുള്ള കൂടരഞ്ഞി കൊന്നം തൊടിയില്‍ ബിനോയ് ആണ് കണ്ണൂരില്‍ വെച്ച് പിടിയിലായത്.

2021 മാര്‍ച്ച് 25ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി തിരുവമ്പാടി കെ എസ് ആര്‍ ടി സി ഓഫീസില്‍ നിന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ മൊബൈല്‍ ഫോണും പേഴ്സും 4000 രൂപയും രേഖകളും മോഷണം നടത്തിയിരുന്നു. സംഭവത്തില്‍ ഇയാളെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബിനോയിയെ കണ്ണൂര്‍ ടൗണില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കെ.എസ്.ആര്‍.ടി.സി ഓഫീസില്‍ മോഷണം നടത്തിയ ദിവസം പ്രതി തിരുവമ്പാടി കള്ളുഷാപ്പിലും തിരുവമ്പാടിയിലെ മൊബൈല്‍ ഷോപ്പിലും മോഷണ ശ്രമം നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി കോടതി, കലക്ട്രേറ്റ്, കെ എസ് ആര്‍ ടി സി ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിന് പ്രതിക്കെതിരെ കോഴിക്കോട് ടൗണ്‍, തലശ്ശേരി, നടക്കാവ്, കസബ, തളിപ്പറമ്ബ്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് അടുത്ത ദിവസമാണ് ഇയാള്‍ പുറത്തിറങ്ങിയത്.

തിരുവമ്പാടി എസ് ഐ കുമാരന്‍, സി.പി.ഒ അനീസ്, ജിന്‍സില്‍, ഡ്രൈവര്‍ ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് കണ്ണൂരിലെത്തി പ്രതിയെ പിടികൂടിയത്. പ്രതി ബിനോയിയെ സംഭവസ്ഥലത്തെത്തിച്ച് തിരുവമ്പാടി പൊലീസ് തെളിവെടുപ്പ് നടത്തി.