സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി കായണ്ണ പഞ്ചായത്ത്; പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി പ്രസിഡന്റ് സി.കെ ശശി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കിയ ഗ്രാമപഞ്ചായത്തായി കായണ്ണ മാറി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏറെ ആസൂത്രണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പഞ്ചായത്ത് തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നു- ‘പഞ്ചായത്തിലെ 25-30 വീടുകള്‍ എടുത്ത് ഒരു ക്ലസ്റ്റര്‍ രൂപീകരിക്കുകയാണ് ഇതിന്റെ ആദ്യപടിയായി ചെയ്തത്. നാല് ഭാരവാഹികളാണ് ഒരു ക്ലസ്റ്ററിനുണ്ടാവുക. ഒരു കോഡിനേറ്ററുമുണ്ട്. ഓരോ ക്ലസ്റ്ററിലുമുള്‍പ്പെട്ട വീട്ടുകാര്‍ ഉള്‍പ്പെടുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ഓരോ വാര്‍ഡിലും പത്തുമുതല്‍ പന്ത്രണ്ട് ക്ലസ്റ്ററുകള്‍ വരെയാണുള്ളത്.

ഈ ക്ലസ്റ്ററുകളിലെ കോഡിനേറ്റര്‍മാരും വാര്‍ഡ് മെമ്പറും വാര്‍ഡിലെ ഒരു നോഡല്‍ ഓഫീസറും ചേരുന്ന ഒരു സമിതിയാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തത്. ലഭിക്കുന്ന വാക്‌സിന്‍ തുല്യമായി എല്ലാ വീടുകള്‍ക്കും വീതിച്ചുകൊടുക്കും.

വാര്‍ഡ് തലത്തിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ ഒരു സമിതിയുണ്ട്. പഞ്ചായത്തിനെ തന്നെ ഞങ്ങള്‍ രണ്ട് സെക്ടര്‍ ആക്കി തിരിച്ചിട്ടുണ്ട്. ആ സെക്ടറിന് ഒരു സെക്ടര്‍ ഓഫീസര്‍മാരുമുണ്ട്. പഞ്ചായത്തിന് ഒരു നോഡല്‍ ഓഫീസറുമുണ്ട്. ഇവരും പഞ്ചായത്ത് മെമ്പര്‍മാരും ക്ലസ്റ്ററുകളിലെ നോഡല്‍ ഓഫീസര്‍മാരുമൊക്കെ ചേര്‍ന്നതാണ് പഞ്ചായത്ത് തലത്തിലുള്ള സമിതി. അതുകൊണ്ടുതന്നെ പഞ്ചായത്ത് തലത്തില്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് എല്ലാ വീടുകളെയും അറിയിക്കാന്‍ സംവിധാനമുണ്ടായി. അത്തരത്തില്‍ ആണ് വാക്‌സിനേഷന്‍ വളരെ ഫലപ്രദമായി നടപ്പാക്കിയത്. ‘

വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇതുവരെ യാതൊരു തരത്തിലുള്ള ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും പൊതുപ്രവര്‍ത്തന രംഗത്തുള്ള മുന്‍പരിചയമാണ് ഇത്തരത്തിലൊരു ആസൂത്രണത്തിനുള്ള കരുത്തുപകര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കായണ്ണ പഞ്ചായത്തിനെ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്ററ് പി.ടി ഷീബ അധ്യക്ഷയായിരുന്നു. ജയപ്രകാശ് കായണ്ണ, എ.സി ശരണ്‍, സായി പ്രകാശ്, മനോജ് കുമാര്‍, കെ.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.