‘സമ്പത്ത് കാലത്ത് ചുറ്റിലും ആളുകള്‍, ഇന്ന് മൃതദേഹം അയക്കാന്‍ പെട്ടിവാങ്ങാന്‍ പോലും കാശില്ല’; പ്രവാസിയായ നായരേട്ടന്റെ അവസാനനിമിഷങ്ങളെ കുറിച്ചുള്ള ഹൃദയ സ്പർശിയായ കുറിപ്പ്
ഒരുകാലത്ത് നായരേട്ടന്റെ ചുറ്റും ആളുകളായിരുന്നു, മൂന്നുപതിറ്റാണ്ടുകാലത്തെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട്, കടക്കാരെക്കൊണ്ട് പൊറുതിമുട്ടി ഒടുക്കം നായരേട്ടന് ജീവിതം അവസാനിപ്പിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും ഒരാളും ഇല്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം സ്വദേശിയായ പ്രസന്നന് നായരുടെ ജീവിതകഥ പറയുകയാണ് ഗള്‍ഫിലെ സന്നദ്ധ പ്രവര്‍ത്തകനായ അഷ്റഫ് താമരശേരി.
1980 കളിലാണ് പ്രസന്നന് നായര്‍ ഗള്‍ഫിലെത്തുന്നത്. ഏറെ കഷ്ടപ്പെട്ട് അദ്ദേഹം തുണിക്കച്ചവട മേഖലയിലെ പ്രമാണിയായി മാറി. ബിസിനസ് മെച്ചപ്പെട്ടപ്പോഴും അദ്ദേഹം നന്മ കൈവിട്ടിരുന്നില്ല. തന്നാലാവുംവിധം പാവപ്പെട്ടവരെയെല്ലാം സഹായിക്കുമായിരുന്നു. എന്നാല്‍ അടുത്തിടെ ബിസിനസ് തകര്‍ന്നു. കടക്കെണിയിലായി. ഒടുക്കം ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് ഏറെ പ്രതാപത്തോടെ ജീവിച്ച പ്രസന്നന് നായര്‍ക്ക് അവസാനത്ത് മൃതദേഹം നാട്ടിലെത്തിക്കാന്‍ വരെ ഒരുപരിചയവുമില്ലാത്തവരുടെ സഹായം തേടേണ്ട അവസ്ഥയായിരുന്നുവെന്നാണ് അഷ്റഫ് താമരശേരി പറയുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഇന്നലെ വേദനയോട് കൂടിയാണ് ഒരു മയ്യത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ ആഴ്ച അയാള്‍ എന്നെ വിളിച്ചിരുന്നു. ജീവിക്കുവാന്‍ കഴിയുന്നില്ല, ചുറ്റിലും കടക്കാരെ കൊണ്ട് നിറയുന്നു. മരിച്ചാലോ എന്ന് ചിന്തിക്കുയാണെന്ന്. ഒരിക്കലൂം അങ്ങനെ ചെയ്യരുത്, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒരു ദുര്‍ബല നിമിഷത്തില്‍ അയാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട, ഇനിയും ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ജീവന് നശിപ്പിച്ച് കളഞ്ഞു.
തിരുവനന്തപുരം സ്വദേശി പ്രസന്നന് നായര്‍ എന്ന പി.പി നായര്‍ എണ്‍പതുകളുടെ തുടക്കത്തിലാണ് ഗള്‍ഫില്‍ വരുന്നത്. ഏതൊരു പ്രവാസിയെ പോലെ തുടക്കം ജോലിയിലൂടെ തുടങ്ങിയ പ്രവാസം ടെക്സ്റ്റയില്‍ ഗാര്‍മെന്റസ് കച്ചവടമേഖലയിലെ പ്രമാണിയായി മാറി. സൂപ്പര്‍മാര്‍ക്കറ്റുകളും, ഹൈപ്പര്‍ മാര്‍ക്കറ്റുകളും വരുന്നതിന് മുമ്പ് പി.പി നായരുടെ കടയില്‍ നിന്നാണ് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ സാധനങ്ങള്‍ മേടിച്ചോണ്ട് പോകുന്നത്.
ബിസ്സിനസ്സില്‍ നേട്ടങ്ങള്‍ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതില്‍ നായരേട്ടന് മുന്നിലായിരുന്നു. ആര് മുന്നില്‍ വന്ന് വേദനകള്‍ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി.പി നായര്‍. അങ്ങനെയിരിക്കുമ്പോഴാണ് വിധി നായരുടെ ജീവിതത്തെ ഒന്നാകെ തലകീഴായി മറിക്കുന്നത്. കച്ചവടത്തില്‍ പെട്ടെന്നുണ്ടായ തകര്‍ച്ച. പലരെയും വിശ്വസിച്ച് ഏല്‍പ്പിച്ച പണം തിരിച്ച് കിട്ടാതെയിരിക്കുക. അതിനിടയില്‍ കേസുകള്‍, അങ്ങനെ, അങ്ങനെ പ്രശ്നങ്ങളും, പ്രതിസന്ധികളുമായി ജീവിതം തളളി നീക്കുന്ന സമയത്താണ് കോവിഡ് വന്നത് കൂടി പൂര്‍ണ്ണമായും നായര്‍ തകരുന്നു. വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെ ആകുക, ആളുകളെ ഭയന്ന് ജീവിക്കുന്ന ഒരു മാനസികവസ്ഥയില്‍ വരെ പി.പി. നായരെത്തി. അതിനിടയിലാണ് കഴിഞ്ഞയാഴ്ച എന്നെ അന്വേഷിച്ച് നായരുടെ ഫോണ്‍ വരുന്നത്. അഭിമാനിയായ ആ മനുഷ്യന് എന്റെ വാക്കുകള്‍ക്ക് പ്രാധാന്യം പോലും നല്‍കാതെ മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.
സമ്പത്ത് കാലത്ത് എല്ലാത്തിനും കൂടെയുണ്ടായിരുന്നവര്‍ നായരുടെ മരണസയത്ത് കൂടെ ഇല്ലായിരുന്നു. എന്തിന് പറയുന്നു മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ പെട്ടി വാങ്ങുവാന്‍ പോലും കാശില്ലായാരുന്നു. ഈ വിവരം അറിഞ്ഞ് രണ്ട് മലയാളികളായ ബിസ്സിനസ്സുകാര്‍( പേരു പരസ്യപ്പെടുത്തുവാന് ആഗ്രഹിക്കുന്നില്ല) അവരുടെ നല്ല മനസ്സ് കാരണം പി.പി.നായരുടെ മൃതദേഹം ഒരു തടസ്സവും നാട്ടിലേക്ക് അയക്കുവാന്‍ കഴിഞ്ഞു. നോക്കുക സുഹൃത്തുക്കളെ സമ്പത്ത് കാലത്ത് മറ്റുളളവരെ സഹായിച്ചതിന്റെ ഫലം ഒന്നും ഇല്ലാതെയിരുന്ന സമയത്ത് ഈശ്വരന് ഒരിക്കലും ജീവിതത്തില്‍ കണ്ടിട്ടാല്ലാത്തവരുടെ സഹായം കൊണ്ട് ആ മനുഷ്യന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുവാന്‍ സാധിച്ചു.
രണ്ട് പാഠങ്ങളാണ് നമ്മള് ഇവിടെ നിന്നും പഠിക്കേണ്ടത്. അതിലൊന്ന് ജീവിതത്തില്‍ തകര്‍ച്ചയും ഉയര്‍ച്ചയും ഉണ്ടാകും,അതുപോലെ ബിസ്സിനസ്സിലും ഒരിക്കലും പിന്തിരിഞ്ഞ് ഓടാതെയിരിക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മറ്റൊന്ന് ജീവിതത്തില്‍ മറ്റുളളവരെ സഹായിക്കുവാന്‍ ശ്രമിക്കുക. എന്നെങ്കിലും അതിന്റെ പ്രതിഫലം പടച്ചതമ്പുരാന് തരാതെ ഇരിക്കില്ല.